Asianet News MalayalamAsianet News Malayalam

സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി

പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും ഡിജിപി കൈമാറിയില്ല.  

CBI probe into Siddharth murder case DGP said that there was no failure in preparing the proforma
Author
First Published Apr 16, 2024, 8:25 AM IST

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞ ഡിജിപി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും കൈമാറിയില്ല. പൊലീസിൽ ആർക്കും വീഴ്ചയുണ്ടായില്ലെന്ന് ആവർത്തിച്ചു. സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തിനായിരുന്നു ഡിജിപിയുടെ മറുപടി. 

സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിലെ കാലതാമസത്തിൽ ആഭ്യന്തരവകുപ്പും- ഡിജിപിയും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. വിജ്ഞാപനം കേന്ദ്രത്തിന് കൈമാറുന്നതിൽ സംസ്ഥാന പൊലീസ് മേധാവിയെ പഴിചാരിയ ആഭ്യന്തര സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. ആഭ്യന്തരസെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് അതേ രൂപത്തിലാണ് ഡിജിപിയുടെ മറുപടി.

കഴിഞ്ഞ ഒൻപതിന് വിജ്ഞാപനം ഇറക്കിയിട്ടും സർക്കാർ താൽപര്യം കാണിച്ച കേസിൽ തുടർനടപടികള്‍ പൊലിസ് വൈകിപ്പിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. മുൻകാല നടപടികള്‍ ചൂണ്ടികാട്ടിയാണ് ഡിജിപിയുടെ നടപടി. സർക്കാ‍ർ വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെയാണ് പ്രോഫോർമാ രേഖകൾ ആവശ്യപ്പെടുന്നതാണ് ഇതേവരെയുള്ള നടപടി ക്രമം. 16നാണ് രേഖകള്‍ ആവശ്യപ്പെട്ടത്. 25ന് എല്ലാ രേഖകളും കൈമാറി. സ്വാഭാവിമായ കാലതാമസം മാത്രമാണ് ഇതെന്നാണ് മറുപടി.

വിശദീകരണം നൽകുന്നതുകൂടാതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകിയതല്ലാതെ ഉദ്യോഗസ്ഥരുടെ പേരുകളൊന്നും ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയില്ല. ആഭ്യന്തര സെക്രട്ടറി വിശദീകരണം തളളുയുകയാണെങ്കിൽ വീണ്ടും തുറന്ന പോരിലേക്കാവും കാര്യങ്ങള്‍ പോവുക. മറുപടി നൽകുന്നതിന് പകരം മുഖ്യമന്ത്രിയെ പരാതി അറിയിക്കാനായിരുന്നു ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ ആദ്യത്തെ തീരുമാനം, പിന്നീട് മറുപടി നൽകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios