Asianet News MalayalamAsianet News Malayalam

അടൂരടക്കമുളളവര്‍ക്കെതിരായ രാജ്യദ്രോഹകേസ് പിന്‍വലിച്ച് കേന്ദ്രം മാപ്പ് പറയണമെന്ന് ചെന്നിത്തല; സാംസ്കാരിക ഫാസിസമെന്ന് മുല്ലപ്പള്ളി

രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നുവച്ചാല്‍ നമ്മുടെ രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുക എന്നാണര്‍ത്ഥം

chennithala and mullappally ramachandran stand with adoor gopalakrishnan
Author
Thiruvananthapuram, First Published Oct 4, 2019, 10:04 PM IST

തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു
വരുത്തണമെന്നും ആവശ്യപ്പെട്ട് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ ഇതിനെതിരെ രംഗത്തുവന്നു.

ചെന്നിത്തലയുടെ വാക്കുകള്‍

രാജ്യത്ത് നടമാടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും, വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍  
ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത്തൊമ്പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണ്. വിമര്‍ശനവും, വിയോജിപ്പുമാണ് ഒരു ബഹുസ്വര, ജനാധിപത്യ സമൂഹത്തിന്‍റെ ജീവനാഡികള്‍. തന്നെ വിമര്‍ശിക്കണമെന്ന് പ്രതിപക്ഷത്തോടും രാഷ്ട്രീയ എതിരാളികളോടും അങ്ങോട്ട് ആവശ്യപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണിത്. വിയോജിക്കുന്നവരെ അത്യന്തം ബഹുമാനിക്കുന്ന പാരമ്പര്യമാണ് ചരിത്രാതീത കാലം മുതല്‍ക്കെ ഇന്ത്യ പിന്തുടര്‍ന്ന് വന്നത്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഈ രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലകളെ മുഴുവന്‍ തച്ച് തകര്‍ക്കുന്ന സമീപനമാണ് കൈക്കൊളളുന്നത്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്രമടക്കമുള്ള എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കി, എല്ലാ അര്‍ത്ഥത്തിലും ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ രാജ്യത്ത് സ്ഥാപിക്കാനാണ് മോദിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനെയും, ശ്യാം ബനഗലിനെയും, മണിരത്‌നത്തെയുമൊക്കെപോലുള്ള വ്യക്തിത്വങ്ങള്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നുവച്ചാല്‍ നമ്മുടെ രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുക എന്നാണര്‍ത്ഥം. ഇവര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹ കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുന്നുവെന്നും ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്നേഹികളും ഭയപ്പെടുന്നു. കൊല്ലുന്നവര്‍ സുരക്ഷിതരും അതു ചൂണ്ടിക്കാട്ടുന്നവര്‍ ജയിലിലും എന്നതാണോ മോദി സര്‍ക്കാരിന്റെ നയം? മാനഭംഗം ചെയ്യപ്പെട്ട ഇരകള്‍ക്കു ജയിലും, മാനഭംഗം നടത്തിയവര്‍ക്ക് വീരാളിപ്പട്ടും നല്കുന്നതാണോ മോദിയുടെ പുതിയ ഇന്ത്യ? ഫാസിസം അതിന്റെ ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകനായ നരേന്ദ്ര ധാബോല്‍ക്കര്‍, എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ ഫാസിസത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ മാസം ഗോവധം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഭിന്നശേഷിക്കാരനെയും മോഷ്ടാവെന്നു സംശയിച്ച് ഗുജറാത്തില്‍ യുവാവിനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു.ജയ്ശ്രീറാം വിളി അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യം പോലെയാണ് സംഘപരിവാരങ്ങള്‍ ഉപയോഗിക്കുന്നത്.രാജ്യദ്രോഹക്കുറ്റത്തിനു പുറമേ മതവികാരം വ്രണപ്പെടുത്തല്‍, സമാധാനലംഘനം തുടങ്ങിയ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കുമേല്‍ ചാര്‍ത്തിയിരിക്കുകയാണ്. ഭീകരപ്രവര്‍ത്തകര്‍ എന്നതുപോലെയാണ് ഇവരെ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒട്ടും അഭിമാനകരമല്ലെന്നു മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios