Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ്: ഒഴിപ്പിക്കൽ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്നും ചീഫ് സെക്രട്ടറി. 

chief secretary jose tom response for maradu flat issue
Author
Kochi, First Published Sep 28, 2019, 12:53 PM IST

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകുമെന്നും ടോം ജോസ് പറഞ്ഞു. ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

അതേസമയം, മരട് നഗരസഭാ മുൻ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് ഖാന് പുതിയ ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങി. പറവൂർ നഗരസഭാ സെക്രട്ടറി ആയാണ് നിയമനം. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കാനും നിർദേശമുണ്ട്. ഇതിനിടെ ന​ഗരസഭ സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ് യോ​ഗത്തിൽ പങ്കെടുക്കാത്തതിനെതിരെ മരട് ന​ഗരസഭ അടിയന്തര കൗൺസിലില്‍ ശക്തമായ പ്രതിഷേധം ഉയർന്നു. യോ​ഗത്തിന്റെ തുടക്കം മുതൽ തന്നെ സെക്രട്ടറി എവിടെയാണെന്ന വിമർശനങ്ങൾ അം​ഗങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ സെക്രട്ടറി ഇല്ലാതെ കൗൺസിൽ ചേരാൻ കഴിയില്ലെന്ന് അംഗങ്ങൾ പറഞ്ഞതോടെ യോ​ഗം ബഹളമയം ആയി.

ന​ഗരസഭയുമായി ബന്ധപ്പെട്ട ഒരു ദൈനംദിന പരിപാടികളിലും പങ്കെടുക്കുന്നില്ല,  ന​ഗരസഭയുടെ ഒരു ഫയലുകളിലും ഒപ്പ് ഇടുന്നില്ല തുടങ്ങിയ പാരാതികൾ സെക്രട്ടറിക്കെതിരെ ഉയർന്നിരുന്നു. താന്‍ ഫ്ലാറ്റ് പൊളിക്കൽ ചുമതലക്കാണ് വന്നത്. അതുകൊണ്ട് ന​ഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് സ്നേഹിൽ കുമാർ ന​ഗരസഭ ചെയർപേഴ്സണെ അറിയിച്ചിരുന്നു. 

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. ഫ്ലാറ്റ് പൊളിക്കലിനുള്ള തുടർനടപടിയുമായി സബ് കളക്ടർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. 

ബഹളത്തെ തുടർന്ന് കൗൺസിൽ തീരുമാനം എടുക്കാതെ പിരിഞ്ഞു. സെക്രട്ടറി ഇല്ലാത്തതിനാൽ അജണ്ടകൾ ചർച്ചയ്ക്കു എടുക്കാൻ ആയില്ല. മരട് മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടും നഗരസഭാ സിപിഎം കൗണ്സിലറുമായ കെ എ ദേവസിക്കെതിരെ യുഡിഫ് അംഗങ്ങളുടെ പ്രതിഷേധം ഉയർന്നു. മരട് ഫ്ളാറ്റുകൾക്ക് അനുമതി നൽകിയ ദേവസി കൗൺസിലർ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് യുഡിഫ് അംഗങ്ങൾ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാർ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ സർക്കാരിന് കത്ത് നൽകി.

ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണമെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒക്ടോബർ 11-ന് കെട്ടിടം പൊളിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഇതിനായി 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

Read More: മരട് ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം താൽക്കാലിക നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണം നിർത്തലാക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. 

Read More: മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി, കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഫ്ലാറ്റ് ഉടമകൾ

അതേസമയം, മരടിൽ ഫ്ലാറ്റ് ഒഴിയാൻ സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് ഫ്ലാറ്റ് ഉടമകൾ കത്തയച്ചു. ഒഴിഞ്ഞു പോകുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നും വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നും സർക്കാരിന് അയച്ച കത്തിൽ ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios