Asianet News MalayalamAsianet News Malayalam

ആലുവയിൽ അമ്മയുടെ മർദ്ദനമേറ്റ് മരിച്ച കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും

സംസ്കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക് ഇന്ന് അവസരം നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുണ്ട്

child brutally murdered in aluva eloor, police will question his father tomorrow
Author
Aluva, First Published Apr 19, 2019, 11:21 PM IST

കൊച്ചി: ആലുവ ഏലൂരിൽ സ്വന്തം അമ്മയുടെ ക്രൂരമർദനത്തിനിരയായി മൂന്ന് വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെയും കളമശേരി പൊലീസിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തിരുന്നു. സംസ്കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക്  അവസരം നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

അതേസമയം കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ഇത് വരെയും പൊലീസിനായിട്ടില്ല .അമ്മയുടെയും അച്ഛന്‍റെയും നാടായ ജാർഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറിയ ശേഷമാകും കുട്ടിയുടെ സംസ്കാരകാര്യത്തിൽ തീരുമാനം എടുക്കുക.

രാവിലെ കുട്ടിയുടെ നില അതീവഗുരുതരമായപ്പോള്‍ കസ്റ്റഡിയിലുള്ള അച്ഛനെ കുട്ടിയെ അവസാനമായി കാണാന്‍ പോലീസ് സൗകര്യമൊരുക്കിയിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അവനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ അയാള്‍ അവിടെ തളർന്നു വീണു. അതേ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് പിന്നീട് സ്റ്റേഷനിലേക്ക് മടങ്ങിയത്.

അടുക്കളയില്‍വച്ച് കുസൃതി കാണിച്ചപ്പോള്‍ തലയ്ക്കടിച്ചെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. അടുക്കളയില്‍ ഉപയോഗിക്കുന്ന കട്ടിയുള്ള ഉപകരണം വച്ച് മൂന്നു വയസ്സുകാരന്‍റെ തലയുടെ വലതുഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു (ചപ്പാത്തിക്കോല്‍ പോലുള്ള വസ്തു വച്ചാണ് അടിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം), തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ഈ രക്തം കട്ട പിടിച്ചതോടെയാണ് കുഞ്ഞിന്‍റെ നില ഗുരുതരമായത്. 

അറസ്റ്റ് ചെയ്തപ്പോഴും, തെളിവെടുപ്പിനായി ഏലൂരില്‍ എത്തിച്ചപ്പോഴും, എന്തിന് മകന്‍റെ മരണവിവരം അറിഞ്ഞപ്പോഴും നിർവികാരയായാണ് അമ്മയായ ജാർഖണ്ഡ് സ്വദേശിനി പെരുമാറിയത്. ഇതോടെ ഇവർ തന്നെയാണോ കുഞ്ഞിന്‍റെ യഥാർത്ഥ അമ്മയെന്ന കാര്യത്തില്‍ പോലീസിനും സംശയമായി. ഇവരുടെ നാടായ ജാർഖണ്ഡിലേക്കും അച്ഛന്‍റെ നാടായ ബംഗാളിലേക്കും കൊച്ചി പോലീസിലെ പ്രത്യേക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിർദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.
 

Follow Us:
Download App:
  • android
  • ios