Asianet News MalayalamAsianet News Malayalam

പിറവം പള്ളിയിൽ വൻ സംഘർഷം: പൊലീസ് പള്ളി വളപ്പിനകത്ത് കയറി, സ്ഥലത്ത് നിരോധനാജ്ഞ

പ്രശ്നമുണ്ടാക്കും എന്ന് പൊലീസ് പ്രഖ്യാപിച്ച 67 യാക്കോബായ സഭാംഗങ്ങളെ പുറത്തിറക്കാൻ പൊലീസ് പള്ളി വളപ്പിനകത്ത് കയറി. സ്ഥലത്ത് വൻ സംഘർഷാവസ്ഥ. 

clash in piravom church police enters church compound live updates
Author
Piravom, First Published Sep 25, 2019, 8:38 PM IST

കൊച്ചി: പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ വീണ്ടും സംഘർഷാവസ്ഥ. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പള്ളിയ്ക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിയ്ക്ക് പുറത്തുള്ള ഓർത്തഡോക്സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്‍റെ വക്കോളമെത്തി. ഇന്ന് ഇത് രണ്ടാം തവണയാണ് പിറവം വലിയ പള്ളിയ്ക്ക് മുന്നിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം അരങ്ങേറുന്നത്.

സ്ഥിതി നിയന്ത്രിക്കാൻ പള്ളി വളപ്പിനകത്ത് പൊലീസ് കയറിയെങ്കിലും പിന്നീട് പിൻമാറി. പ്രശ്നക്കാരെന്ന് കണ്ടെത്തി പള്ളിയിൽ കയറുന്നതിന് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പൊലീസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്‍റെ വൈദിക ട്രസ്റ്റി അടക്കമുള്ളവർക്ക് എതിരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥലത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് യാക്കോബായക്കാർ.

നിലവിൽ ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയ്ക്ക് പുറത്ത് പന്തൽ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാർത്ഥന നടത്താൻ പൂർണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നും ഓർത്തഡോക്സ് വിഭാഗക്കാർ ഉറച്ച നിലപാടെടുക്കുന്നു. രാത്രി മുഴുവൻ ഇവിടെ തുടരുമെന്നാണ് ഓർത്തഡോക്സ് വിഭാഗക്കാർ പറയുന്നത്. എന്നാൽ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകിയ സുപ്രീംകോടതി ഉത്തരവിൽ പുനഃപരിശോധന വേണമെന്നും, ഓർത്തഡോക്സുകാരെ പള്ളികൾ പിടിച്ചടക്കാൻ അനുവദിക്കില്ലെന്നും യാക്കോബായക്കാർ പറയുന്നു. പള്ളിയിൽ കയറി ഞങ്ങൾ പ്രാർത്ഥന നടത്തട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് വിഭാഗം തിരിച്ചടിക്കുന്നു. 

സംഘർഷം രാവിലെ മുതൽ

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം ഓർത്തഡോക്സ് വിശ്വാസികൾ  പിറവം പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്. രാവിലെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറും എന്ന് വിവരം ലഭിച്ചതോടെ ഇന്നലെ മുതൽ തന്നെ യാക്കോബായ വിശ്വാസികൾ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പള്ളിക്കകത്ത് സംഘടിച്ചിരുന്നു . തുടർന്ന് നിരണം ഭദ്രാസനാധിപൻ മാർ ഗീവർഗീസ് മാർ കൂറിലോസിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ ഗേറ്റ് താഴിട്ടുപൂട്ടി പ്രതിഷേധം തുടങ്ങി.

''സുപ്രീംകോടതി വിധിയുടെ അവസാനഭാഗത്ത് ഇരുവിഭാഗങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് പറഞ്ഞിരുന്നത്. അത് തന്നെയേ ഞങ്ങളും ആവശ്യപ്പെടുന്നുള്ളൂ. ചർച്ചയ്ക്ക് അവർ തയ്യാറാകണം'', നിരണം ഭദ്രാസനാധിപൻ മാർ ഗീവർഗീസ് മാർ കൂറിലോസ് ആവശ്യപ്പെട്ടു. 

പ്രാർത്ഥനാഗാനങ്ങളും മുദ്രാവാക്യങ്ങളുമായി പള്ളിമുറ്റം സംഘർഷഭരിതമാകുന്ന കാഴ്ചകളായിരുന്നു പിന്നീട്. ഏഴുമണിയോടെ തന്നെ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രധാന ഗേറ്റിനു മുന്നിലെത്തി. എന്നാൽ ഗേറ്റ് താഴോട്ട് പൂട്ടിയതിനാൽ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിക്കകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഗേറ്റിന് പുറത്ത് പന്തൽ കെട്ടി കുത്തിയിരിപ്പ് പ്രതിഷേധം തുടങ്ങി. ഇരുവിഭാഗവും സംഘടിച്ച് സംഘർഷാവസ്ഥ ആയതോടെ മൂവാറ്റുപുഴ ആർഡിഒ യാക്കോബായ വിശ്വാസികളോട് പള്ളി വിട്ടുപോകണം എന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അനൗൺസ് ചെയ്തു.

എന്നാൽ പള്ളി വിടില്ലെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.സുപ്രീം കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രം ചർച്ച നടത്താമെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം ആവർത്തിച്ചു. 

ഇന്നിനി തുടർനടപടികളില്ല

രാത്രിയായതിനാൽ, സംഘർഷസാധ്യതയും അക്രമങ്ങളുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇനി നടപടികളെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അക്രമങ്ങളുണ്ടാക്കാൻ സാധ്യതയുള്ള, നിരവധി കേസുകളുള്ള അക്രമികൾ പള്ളി പരിസരത്തേയ്ക്ക് എത്തിയിട്ടുണ്ടെന്ന് ഇന്‍റലിജൻസിന് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. രാത്രി മുഴുവൻ സമരം നീളുമെന്നുറപ്പാണ്. നാളെ എന്താകും എന്നതാണ് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നത്.

കോടതിയലക്ഷ്യഹർജിയുമായി സുപ്രീംകോടതിയിലേക്ക്

നാളെ സമരം മാത്രമല്ല, സുപ്രീംകോടതിയിലേക്ക് ഹർജിയുമായി പോകുമെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. സുപ്രീംകോടതി വിധിയനുസരിച്ച് മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടിയിട്ടും, പിറവം പോലെ, വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ഒരു പള്ളിയിൽ കയറി പ്രാർത്ഥന നടത്താൻ കഴിയുന്നില്ലെന്നും സംസ്ഥാനസർക്കാരും പൊലീസും ഇതിന് അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കും. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാകും ഹർജി. 

Read More: പിറവം പള്ളിക്കേസ്: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നതെന്ത്? ആഞ്ഞടിച്ച് ഹൈക്കോടതി

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ - ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് വിധി നടപ്പാക്കാന്‍ വൈകുന്നത്. 

Follow Us:
Download App:
  • android
  • ios