Asianet News MalayalamAsianet News Malayalam

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 

CM PINARAYI VIJAYANS proposal to include sex education in the curriculum
Author
Kerala, First Published Nov 5, 2019, 9:08 PM IST

തിരുവനന്തപുരം: കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും ഇത് തിരുത്താന്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 

വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 

യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെകെ ശൈലജ, പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, നിയമ സെക്രട്ടറി പികെ അരവിന്ദ ബാബു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അനുപമ, എഡിജിപിമാരായ ഷെയ്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം, ഐജി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍  പങ്കെടുത്തു.

കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഉണ്ട്. അവര്‍ സ്കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios