Asianet News MalayalamAsianet News Malayalam

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ കേസ്: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

വിഷയം പരിശോധിക്കാന്‍ ഉത്തരമേഖല ഐജി അശോക് യാദവിനോട് ഡിജിപി ആവശ്യപ്പെട്ടു. പിന്നാലെ  യുവാക്കളെ പാര്‍പ്പിച്ച പന്തീരാങ്കാവ് സ്റ്റേഷനില്‍ ഐജി നേരിട്ടെത്തി. 

cm seeks explanation from dgp for charging upa aginst cpm workers in kozhikode
Author
Pantheerankavu Junction, First Published Nov 2, 2019, 1:09 PM IST

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്നാഥ് ബെഹ്റയില്‍ നിന്നും വിശദീകരണം തേടി. ഇതേ തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ഉത്തരമേഖല ഐജി അശോക് യാദവിനോട് ഡിജിപി ആവശ്യപ്പെട്ടു. പിന്നാലെ  യുവാക്കളെ പാര്‍പ്പിച്ച പന്തീരാങ്കാവ് സ്റ്റേഷനില്‍ ഐജി നേരിട്ടെത്തി. 

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്ന ലഘുലേഖയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമുണ്ടെന്നാണ് വിവരം. 

നിലവില്‍ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലുള്ള യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെ സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു. വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി കോഴിക്കോട് നഗരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും കെ. അജിതയ്ക്കുമൊപ്പം പൊലീസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നേരില്‍ കണ്ടു.  

അലന്‍റെ മാതാവ് സബിതയും പിതാവും സിപിഎം മീഞ്ചന്ത മിനി ബൈപ്പാസ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷുഹൈബുമാണ് മുഖ്യമന്ത്രിയെ കണ്ടത്. അലന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സിപിഎം ബ്രാഞ്ച് അംഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സബിത പറഞ്ഞു. ലഘുലേഖ കൈവശം വയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നും നാളെ ഇത് ആര്‍ക്കും സംഭവിക്കാമെന്നും അവര്‍ പറഞ്ഞു. 

അതേസമയം മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലം അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയിരുന്നോ എന്ന കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും  പറഞ്ഞ പി.മോഹനന്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പൊലീസ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios