Asianet News MalayalamAsianet News Malayalam

'ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം'; മാസപ്പടി കേസിൽ ഇ‍ഡി സമൻസിനെതിരെ കർത്ത കോടതിയിൽ

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

CMRL MD Sasidharan Kartha again in high court against ED notice on Veena Vijayan monthly quota case
Author
First Published Apr 16, 2024, 3:08 PM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇ‍ഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു  എന്നാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ പറയുന്നത്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇ‍ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ  ആരോപിക്കുന്നു.

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി വിട്ട് നിൽക്കുകയായിരുന്നു ശശിധരൻ കർത്ത.  കർത്തയുടെ നിസ്സഹകരണം കോടതിയെ അറിയിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios