Asianet News MalayalamAsianet News Malayalam

'അനിൽ ആന്‍റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു': വെളിപ്പെടുത്തി പി ജെ കുര്യന്‍

പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനിൽ ആന്റണിയോടോ അന്ന് പറഞ്ഞതായിട്ടാണ് തന്‍റെ ഓർക്കുന്നുവെന്നും പി ജെ കുര്യൻ പറഞ്ഞു.

congress leader pj kurien response on allegations of Nandakumar against Pathanamthitta BJP candidate Anil Antony
Author
First Published Apr 10, 2024, 11:43 AM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിന്‍റെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യന്‍. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നൽകിയത് എന്നോ തനിക്കറിയില്ലെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നന്ദകുമാറുമായി തനിക്ക് നല്ല പരിചയമുണ്ട്. അത് പല രാഷ്ട്രീയ നേതാക്കൾക്കും അത്തരത്തിലുള്ള പരിചയമുണ്ട്. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനിൽ ആന്റണിയോടോ അന്ന് പറഞ്ഞതായിട്ടാണ് ഓർക്കുന്നുതെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു. അനിൽ ആൻ്റണി തിരിച്ചുവന്നാൽ കോൺഗ്രസിൽ എടുക്കണമെന്നും പി ജെ കുര്യൻ ആവർത്തിച്ചു. ഇന്ത്യ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവവെന്നും പി ജെ കുര്യൻ പറഞ്ഞു.

അനിൽ ആന്‍റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നു എന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്നും വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ ആരോപിച്ചത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നൽകിയെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു.

Also Read: വില പേശി പണം വാങ്ങി, പ്രതിരോധ രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിറ്റു: അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാര്‍

Follow Us:
Download App:
  • android
  • ios