Asianet News MalayalamAsianet News Malayalam

സഭാതർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന്‍റെ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

പള്ളികൾ നൽകാൻ സംസ്ഥാനസർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഓർത്തഡോക്സുകാരുടെ ഹർജി. പിറവം പള്ളി ഉൾപ്പടെ ചൂണ്ടിക്കാട്ടി കോടതി വിധി നടപ്പാക്കിത്തുടങ്ങിയെന്ന് സർക്കാർ വാദിക്കും.

contempt plea by orthodox believers in supreme court over church dispute
Author
New Delhi, First Published Sep 30, 2019, 6:28 AM IST

ദില്ലി: മലങ്കര സഭാ തർക്കത്തിൽ സംസ്ഥാനസർക്കാരിനും പൊലീസിനുമെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥത ഓ‌ർത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ സഹായിക്കുന്നില്ലെന്ന് കാട്ടിയാണ് ഹർജി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക.

എന്നാൽ പിറവം പള്ളിയിൽ കനത്ത പൊലീസ് കാവലിൽ ഞായറാഴ്ച ഓർത്തഡോക്സ് വിഭാഗം എത്തി പ്രാർത്ഥന നടത്തിയതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും സർക്കാരിന്‍റെ മറുവാദങ്ങൾ. ഓരോ പള്ളികളിലുമായി പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും, സമവായത്തിലൂടെ വിധി നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. 

പിറവം പള്ളിത്തർക്കം അതിന്‍റെ മൂർദ്ധന്യത്തിലെത്തുകയും യാക്കോബായ വിഭാഗക്കാർ പള്ളിയ്ക്കുള്ളിൽ നിലയുറപ്പിച്ച് ഗേറ്റ് പൂട്ടി, ഓർത്തഡോക്സുകാരെ പുറത്താക്കുകയും ചെയ്തപ്പോഴാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. എന്നാലിതിന് ഇനി പ്രസക്തിയില്ലെന്നാണ് സർക്കാർ നിലപാട്.

Read More At: സുപ്രീംകോടതി വിധി നടപ്പായി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭക്ക‌് കീഴിലുള്ള പള്ളികൾ 1937-ലെ ഭരണഘടന പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് ഭരിക്കാം എന്നതായിരുന്നു സുപ്രീംകോടതി ഉത്തരവ്. പിറവം പള്ളി യാക്കോബായ സഭക്കാരുടെ തലപ്പള്ളിയാണ്. 

ഈ ഇടവകയിലെ ബഹുഭൂരിപക്ഷം പേരും അംഗീകരിക്കുന്നത് യാക്കോബായ സഭയുടെ പരമാധ്യക്ഷനായ പാത്രിയർക്കീസ് ബാവയെയും ഈ പക്ഷത്തെ മെത്രാൻമാരെയുമാണ്. എന്നാൽ ഓർത്തഡോക്സുകാർ ഒരിക്കലും ഈ സഭാധ്യക്ഷനെ അംഗീകരിക്കുന്നവരല്ല.

എന്താണ് സുപ്രീംകോടതി ഉത്തരവ്?

മലങ്കര സഭയ്ക്ക് കീഴിലെ പള്ളികൾ 1934-ലെ ഓർത്തഡോക്സ് സഭാ ഭരണഘടന അനുസരിച്ച് ആയിരിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇടവകയ്ക്ക് പള്ളികളുടെ ഭരണാവകാശം ഉണ്ടാകും. എന്നാൽ പള്ളിവികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അവകാശം ഇപ്പോൾ നിയമപരമായി ഓർത്തഡോക്സ് സഭയ്ക്കാകും.

അതായത് ആ പള്ളിയിലെ വികാരി, മുകളിലുള്ള മെത്രാൻ, അതിനും മേലെ മെത്രാപ്പൊലീത്ത എന്നിവർ ഓർത്തഡോക്സുകാരായിരിക്കും. ഇത് ഒരിക്കലും യാക്കോബായ സഭാംഗങ്ങൾ അംഗീകരിക്കില്ല.

പിറവം പള്ളിക്കേസിൽ സർക്കാർ കക്ഷിയല്ല. ഹർജി നൽകിയപ്പോഴൊന്നും സർക്കാരിനെ കക്ഷിയാക്കിയിട്ടുമില്ല. എന്നാൽ വിധി നടപ്പാക്കാൻ ഓർത്തഡോക്സ് സഭയ്ക്ക് സർക്കാരിന്‍റെ സഹായം തേടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്. അങ്ങനെ സഹായം തേടിയിട്ടും ഇത് ലഭിച്ചില്ലെന്ന് കാട്ടിയാണ് ഇപ്പോൾ ഓർത്തഡോക്സ് സഭക്കാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ആദ്യം വിധി നടപ്പാക്കുന്നില്ലെന്ന് കാട്ടി ഓർത്തഡോക്സ് വിഭാഗം സമീപിച്ചത് ഹൈക്കോടതിയെയാണ്. എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ജാഗ്രതയില്ലെന്ന് രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി ചോദിച്ചിരുന്നു. മറ്റ് സുപ്രീംകോടതി വിധികൾ നടപ്പാക്കാനുണ്ടായ ജാഗ്രത എന്തുകൊണ്ട് ഇതിലില്ലെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. 

Follow Us:
Download App:
  • android
  • ios