Asianet News MalayalamAsianet News Malayalam

ഡിഐജി ഓഫീസ് മാർച്ചിനിടെ സംഘർഷം; എൽദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കൾക്ക് ജാമ്യം

സിപിഐ നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം എറണാകുളം സിജിഎം കോടതി തള്ളി. നേതാക്കൾക്കെതിരായ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് പൊലീസ് നടത്തിയത്.

cpi leaders got  bail on dig office march
Author
Kochi, First Published Oct 22, 2019, 4:38 PM IST

കൊച്ചി: കൊച്ചിയിൽ ഐജി ഓഫീസ് മാർച്ച് സംഘർഷത്തിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കൾക്ക് ജാമ്യം. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം എറണാകുളം സിജിഎം കോടതി തള്ളി. സിപിഐ നേതാക്കൾക്കെതിരായ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് പൊലീസ് നടത്തിയത്.

കഴിഞ്ഞ ജൂലൈ 23 നായിരുന്നു ‍ഞാറയ്ക്കൽ സിഐയെ സസ്പൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐജി ഓഫീസ് മാർച്ച് നടത്തിയത്. മാർച്ചിലുണ്ടായ സംഘർഷത്തിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കൾക്ക് പരിക്കേറ്റിരുന്നു. എംഎൽഎ ക്കെതിരെ ലാത്തിചാർജ് നടത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ് ഐ വിപിൻ ദാസിനെ സസ്പെൻ‍ഡ് ചെയ്തിരുന്നു. അനുമതി ഇല്ലാതെ മാർച്ച് നടത്തിയ സിപിഐ നേതാക്കൾക്കെതിരെ പൊലീസും കേസെടുത്തിരുന്നു. ഈ കേസിലാണ് ഇന്ന്  സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എ‌ൽദോ എബ്രഹാം എംഎൽഎ, എന്നിവരടക്കമുള്ള പത്ത് സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ‍ഞാറയ്ക്കൽ സിഐയ്ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും കേസ് പൊലീസ് കെട്ടച്ചമച്ചതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

സിപിഐ നേതാക്കൾക്ക് ജാമ്യം അനുവദിക്കരുതെന്ന്  പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ മാർച്ച് നടത്തി. വടി, കട്ട, കല്ല് എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചത് വഴി 40,500 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നിവ അടക്കമുള്ള പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയ എറണാകുളം സിജിഎം കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു. മാ‍ർച്ചിനെ തുടർന്നുണ്ടായ നാശനഷ്ടത്തിന് തത്തുല്യമായ തുക കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

Follow Us:
Download App:
  • android
  • ios