Asianet News MalayalamAsianet News Malayalam

യുഎപിഎ കേസില്‍ ജാമ്യം തേടി സിപിഎം പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ തിരിച്ചടി നേരിട്ട് പൊലീസ്

വെള്ളിയാഴ്ച രാത്രി പിടിയിലായ അലൻ ഷുഹൈബ് താഹാ ഫസൽ എന്നിവർ കോഴിക്കോട് ജില്ലാ ജെയിലിൽ റിമാൻഡിലാണ്

CPM activists seek bail in a UAPA case
Author
Calicut, First Published Nov 4, 2019, 12:17 AM IST

കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. യുഎപിഎ ചുമത്തിയത് പുന:പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസിന് തിരിച്ചടിയാണ്.

വെള്ളിയാഴ്ച രാത്രി പിടിയിലായ അലൻ ഷുഹൈബ് താഹാ ഫസൽ എന്നിവർ കോഴിക്കോട് ജില്ലാ ജെയിലിൽ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നില്ല. പ്രതികളുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതിയാണ് പരിഗണിക്കുക.

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ച് മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നി കുറ്റങ്ങളാരോപിച്ച് യുഎപിഎ 20,32,39 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം കാട്ടിലുള്ള മാവോയിസ്റ്റുകളുടെ കണ്ണിയാണെന്ന് അന്വേഷണ സംഘം വാദിക്കുന്നു. പിടിയാലവരിൽ ഒരാളെ 2015 മുതൽ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് ലാപ്ടോപ്പും മെമ്മറി കാർഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് പറയുന്നു.

എന്നാല്‍ പൊലീസിന്‍റെ വാദങ്ങൾ പൂർണമായും തള്ളുകയാണ് പ്രതികളുടെ കുടുംബം. പൊലീസ് ചുമത്തിയതുകൊണ്ടുമാത്രം യുഎപിഎ നിലനിൽക്കണമെന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ വീട്ടിലെത്തി ധനമന്ത്രി തോമസ് ഐസകും സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനും കുടുംബാംഗങ്ങളെ കണ്ടു. താഹാ ഫസലിന്‍റെ വീട്ടിൽ സിപിഎം പ്രാദേശിക നേതാക്കളും പിന്തുണയുമായി എത്തി.

Follow Us:
Download App:
  • android
  • ios