Asianet News MalayalamAsianet News Malayalam

'ദിവസക്കൂലിക്ക് ഡ്രൈവർ' നിയമനം; തിരക്കേറിയ ദിവസങ്ങളിൽ മാത്രം മതിയെന്ന് കെഎസ്ആർടിസി

പൂജ അവധിയായതിനാൽ വരും ദിവസങ്ങളിൽ ദിവസവേതനക്കാരെ ജോലിക്കെടുക്കേണ്ടെന്നാണ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്തയാഴ്ച ബുധൻ, ശനി ദിവസങ്ങളിൽ മാത്രമേ ദിവസവേതനക്കാരുടെ സേവനം സ്വീകരിക്കുകയുള്ളുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി. 

daily wages drivers will appointment  only for busy days KSRTC
Author
Trivandrum, First Published Oct 5, 2019, 8:09 PM IST

തിരുവനന്തപുരം: ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കുന്നത് തിരക്കേറിയ ദിവസങ്ങളിൽ മാത്രം മതിയെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ആർടിയുടെ നടപടി.

പൂജ അവധിയായതിനാൽ വരും ദിവസങ്ങളിൽ ദിവസവേതനക്കാരെ ജോലിക്കെടുക്കേണ്ടെന്നാണ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്തയാഴ്ച ബുധൻ, ശനി ദിവസങ്ങളിൽ മാത്രമേ ദിവസവേതനക്കാരുടെ സേവനം സ്വീകരിക്കുകയുള്ളു. ഡ്രൈവർമാരില്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് 307 സർവീസുകളാണ് മുടങ്ങിയത്. തെക്കൻമേഖലയിൽ 153 സർവീസും മധ്യമേഖലയിൽ 120 സർവീസും വടക്കൻ മേഖലയിൽ 34 സർവീസുമാണ് മുടങ്ങിയത്. ഓരോ ഡിപ്പോയിലും പത്ത് സർവീസുകൾ വരെ മുടങ്ങിയതായാണ് വിവരം. ഇന്നലെ എഴുന്നൂറോളം സർവീസുകൾ മുടങ്ങിയതായാണ് അധിക‍ൃതർ നൽകുന്ന വിവരം.

Read More:കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; മുന്നൂറോളം സർവീസുകൾ മുടങ്ങി

താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ബസ് സർവ്വീസുകൾ പൂർണ്ണമായോ ഭാ​ഗീകമായോ മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ചുകൊണ്ട് സർവീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. എന്നാൽ, ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിച്ച് പ്രതിസന്ധി പരിഹരിക്കാനുളള കെഎസ്ആ‍ർടിസിയുടെ ശ്രമം പൂർണ്ണതോതിൽ ഫലപ്രദമായില്ല. പല ഡിപ്പോകളിലും ആവശ്യമുളളത്ര ഡ്രൈവർമാർ ജോലിക്കെത്തിയില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഡ്രൈവർമാർ വേണ്ടത്ര താൽപര്യം കാണിക്കാത്തതാണ് പ്രശ്നം.

Read More: കെഎസ്ആർടിസി സർവീസുകൾ ഇന്നും മുടങ്ങാൻ സാധ്യത, ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കും

അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ആർടിസിയിൽ ശമ്പളവിതരണവും മുടങ്ങിക്കിടക്കുകയാണ്. പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ബിഎംഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios