Asianet News MalayalamAsianet News Malayalam

'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

''സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടു കണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്.''

director joshiy says about kerala police
Author
First Published Apr 23, 2024, 4:11 AM IST

കൊച്ചി: തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ പൊലീസിനെ പ്രശംസിച്ച് സംവിധായകന്‍ ജോഷി. സിനിമകളില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് കൊച്ചി സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ട് കണ്ട തനിക്ക് മനസിലായിട്ടുണ്ടെന്ന് ജോഷി പറഞ്ഞു. സമൂഹത്തിന് മാതൃകയാണ് പൊലീസ് എന്നും ജോഷി പറഞ്ഞു. 

സംവിധായകന്‍ ജോഷിയുടെ വാക്കുകള്‍: 'കേരള പൊലീസിന് ബിഗ് സല്യൂട്ട്. ശനി രാവിലെ മോഷണ വിവരം അറിഞ്ഞപ്പോള്‍ ആദ്യം 100ലാണ് വിളിച്ചത്. സംവിധായകന്‍ ജോഷിയാണെന്ന് പരിചയപ്പെടുത്തിയില്ല. 'പനമ്പിള്ളി നഗറില്‍ ഒരു വീട്ടില്‍ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാല്‍, 'പനമ്പിള്ളി നഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ?' എന്നായിരുന്നു മറുചോദ്യം. അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിളിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കി. എന്നാല്‍, ഞാന്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു. കമ്മിഷണര്‍, ഡിസിപി, എസിപിമാര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല.'

'സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടു കണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്. എന്റെ വീട്ടില്‍ മോഷണം നടന്നു. പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ച് സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവര്‍ത്തനങ്ങളും. '

ജോഷിയുടെ വീട്ടിലെത്തിയത് 'വലിയ പുള്ളി', വൻ മോഷണം നടത്താൻ വിദഗ്ധൻ
 

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ്; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍  
 

Follow Us:
Download App:
  • android
  • ios