Asianet News MalayalamAsianet News Malayalam

1639 കോടി രൂപ തട്ടിപ്പ്, പക്ഷേ പരാതിക്കാരില്ല! ഹൈറിച്ച് തട്ടിപ്പ് കേസിൽ ഇടപെട്ട് ഇഡിയും, പ്രതികള്‍ ഒളിവില്‍

പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു

ED intervened in Highrich online fraud case thrissur sts
Author
First Published Feb 6, 2024, 9:51 AM IST

തൃശൂർ: തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിൽ ഇടപെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. നിക്ഷേപകരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് ഇഡി. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാർ രംഗത്ത് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു

ഒരു കോടിയിലധികം നിക്ഷേപകരിൽ നിന്നാണ് 1693 കോടി രൂപ മണി ചെയിൻ മാതൃകയിൽ ഹൈറിച്ച് കമ്പനി ഉടമകൾ കൈക്കലാക്കിയത്. 2 ഡോളറിന്‍റെ ഹൈറിച്ച് കോയിൻ എടുത്താൽ 10 ഡോളർ ആക്കി മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണ് ലക്ഷങ്ങൾ നിക്ഷേപിച്ചവർ സംസ്ഥാനത്തും വിദേശത്തുമുണ്ട്. എന്നാൽ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകൾ മുങ്ങിയിട്ടും പരാതിക്കാർ കാര്യമായി മുന്നോട്ട് വന്നിട്ടില്ല. ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ തൃശ്ശൂർ പുതുക്കാട് മാത്രമാണ് പുതിയ ഒരു പരാതി വന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വൻതുക നിക്ഷേപിച്ചവരുടെ വിവരങ്ങൾ തേടുന്നത്. എന്തുകൊണ്ട് പരാതിക്കാർ രംഗത്ത് വരുന്നില്ലെന്നാണ് പരിശോധിക്കുക.

നിലവിൽ പുതുക്കാട്, എറണാകുളം സൗത്ത്, സുൽത്താൻ ബത്തേരി കേസുകളിൽ മാത്രമാണ് ഇഡിയ്ക്ക് ഇസിഐആർ ഇട്ട് അന്വേഷിക്കാൻ കഴിയുന്ന ഐപിസി 420 വകുപ്പുകളുള്ള കേസുള്ളത്. മറ്റ് കേസുകളിൽ നിസാര വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇഡി അന്വേഷണം തുടങ്ങിയതോടെ പുതിയ നിക്ഷേപകർ ഹൈറിച്ചിൽ എത്തുന്നില്ല. പുതിയ അംഗങ്ങൾ ചേർന്നാൽ മാത്രമാണ് മുൻ അംഗങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയുക.

ഈ സഹാചര്യത്തിൽ അന്വേഷണം അട്ടിമറിക്കാൻ പ്രതികൾ നീക്കം തുടങ്ങി. ചേർപ്പ് സ്റ്റേഷനിലെ കേസ് റദ്ദാക്കാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് ഇതിന്‍റെ ഭാഗമെന്നാണ് ഇഡി വിശദീകരിക്കുന്നത്. നിസാര വകുപ്പുകളുള്ള മറ്റ് കേസുകളും പണം നൽകി ഒത്തുതീർപ്പാക്കാനും നീക്കമുണ്ട്.. ഇത് ഇഡി അന്വേഷണത്തിനും തടസ്സമാകും. സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപകരെ വിശ്വാസത്തിലെടുക്കാൻ ഒളിവിലുള്ള പ്രതികൾ ശ്രമം നടത്തുന്നതായി വ്യക്തമാക്കുന്ന ഇഡി പ്രതികൾ തമിഴ്നാട്ടിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios