Asianet News MalayalamAsianet News Malayalam

'മോക്‌പോളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട്': സംഭവിച്ചത് എന്ത്? വിശദീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

മോക്‌പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

extra votes to bjp in kasaragod mock poll chief electoral officer reaction
Author
First Published Apr 18, 2024, 5:26 PM IST

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണ് ഇത് നിര്‍വഹിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്. ഇത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

'കാസര്‍കോട് മണ്ഡലത്തില്‍ നടന്ന കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങള്‍ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പില്‍ നോട് ടു ബി കൗണ്ടഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡണ്‍, വിവിപാറ്റ് സീരിയല്‍ നമ്പര്‍ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനക്കുള്ള സ്ലിപ്പാണ് മോക്‌പോളിനിടെ ലഭിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.' സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍ 
 

Follow Us:
Download App:
  • android
  • ios