Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം; സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് മൂന്നംഗ സമിതി

സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമർ തലയിൽ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍  സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പിന്‍റെ കണ്ടെത്തല്‍. 

fault in organizers in the incident of hammer fell on student
Author
kottayam, First Published Oct 11, 2019, 8:53 PM IST

കോട്ടയം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമർ തലയിൽ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍  സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പിന്‍റെ കണ്ടെത്തല്‍. ഹാമര്‍ പതിച്ച് വിദ്യാര്‍ത്ഥിക്ക് അപകടം പറ്റിയ സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്ന് മൂന്നംഗ സമിതി പറയുന്നു. കൂടാതെ മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും മൂന്നംഗ സമിതി പറയുന്നു. കേരള സര്‍വ്വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ കെ കെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്‍റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതി അംഗങ്ങള്‍.

ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീൽ ജോൺസന് പരിക്കേറ്റത്. ഗ്രൗണ്ടിൽ നിന്ന് ജാവലിനുകൾ നീക്കം ചെയ്യുന്നതിനിടെ അഫീലിന്‍റെ തലയിൽ ഹാമർ വന്ന് വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സംഘാടർക്ക് വീഴ്ച പറ്റിയതായി ആർഡിഒയും വ്യക്തമാക്കിയിരുന്നു. അത്‍ലറ്റിക് ഫെഡറേഷൻ മേളയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഇതുസംബന്ധിച്ച് കളക്ടർക്ക്  റിപ്പോർട്ട് നൽകുമെന്നും അപകടത്തിന് പിറ്റേന്ന് ആർഡിഒ അറിയിച്ചിരുന്നു. ജാവലിന്‍, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം നടത്തിയതും രണ്ടിനും ഒരേ ഫിനിഷിംഗ് പോയന്‍റ് വച്ചതുമായിരുന്നു അപകടകാരണം.സംഭവത്തിൽ കണ്ടാലറിയാവുന്ന പത്ത് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി മേള സംഘടിപ്പിച്ചതിനാണ് ഫെഡഷേറൻ ഭാരവാഹികൾക്കെതിരെ കേസെടുത്തത്. 

Follow Us:
Download App:
  • android
  • ios