Asianet News MalayalamAsianet News Malayalam

പ്രളയം തകർത്ത റോഡുകൾ പുനര്‍നിര്‍മിക്കാന്‍ 1400 കോടിയുടെ ജര്‍മന്‍ സഹായം; കരാര്‍ ഒപ്പിട്ടു

1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് കേരളത്തിന് നൽകുക. ഇതിന് പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.  

flood rebuilding kerala signed agreement with german development bank
Author
Thiruvananthapuram, First Published Nov 6, 2019, 10:05 PM IST

തിരുവനന്തപുരം: പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിന് പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.  

പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്‌ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്റ് ഒപ്പുവച്ചു. തുടർന്നാണ് ഇന്നലെ സംസ്ഥാനവുമായി കരാര്‍ ഒപ്പുവെച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നത്. മൊത്തം 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെ. എസ്. ടി. പിയാണ് പണി നടത്തുക. മേയ് 2020 ഓടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ആർ കെ. സിംഗ്, ബാങ്കിന്‍റെ ഇന്ത്യൻ മിഷൻ ടീം ലീഡർ കാർല ബെർക്, ഫ്രാങ്ക്ഫർട്ട് അർബൻ ഡെവലപ്‌മെന്റ് പ്രോജക്ട് മാനേജർ ജാൻ ആൽബർ, ദില്ലി അർബൻ ഡെവലപ്‌മെന്റ് സീനിയർ സെക്ടർ സ്‌പെഷ്യലിസ്റ്റ കിരൺ അവധാനുള എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Follow Us:
Download App:
  • android
  • ios