Asianet News MalayalamAsianet News Malayalam

വല്ലാർപാടം ടെർമിനലിന്റെ പാർക്കിംഗിനായി ഫാക്ട് ഭൂമി: പ്രായോഗികത പരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

ഫാക്ടിന്റെ ഏലൂരിൽ ഉള്ള 150 ഏക്കർ ഉപയോഗശൂന്യമായ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരമുള്ള പാർക്കിംഗ് ഹബ് ,മാലിന്യ നിർമാർജന പ്ലാന്റ് തുടങ്ങിയവ നിർമിക്കുന്നതിനുള്ള സാദ്ധ്യതകൾ എല്ലാ വകുപ്പുകളുമായി കൂടിയാലോചിച്ചു തീരുമാനിക്കാൻ നിർദേശം.

HC directs government to check feasibility Fact land for parking of Vallarpadam terminal
Author
Kochi, First Published Oct 18, 2019, 4:38 PM IST

കൊച്ചി:വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് വരുന്ന ഭാര വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാൻ ഫാക്ടിന്റെ സ്ഥലം വിനിയോഗിക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. 3 മാസത്തിനകം വിഷയത്തിൽ തീരുമാനം എടുക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.

ഫാക്ടിന്റെ ഏലൂരിൽ ഉള്ള 150 ഏക്കർ ഉപയോഗശൂന്യമായ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരമുള്ള പാർക്കിംഗ് ഹബ് ,മാലിന്യ നിർമാർജന പ്ലാന്റ് തുടങ്ങിയവ നിർമിക്കുന്നതിനുള്ള സാദ്ധ്യതകൾ എല്ലാ വകുപ്പുകളുമായി കൂടിയാലോചിച്ചു തീരുമാനിക്കാനാണ് നിർദേശം. ഏലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷെറി ജോസഫ് സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് കോടതി നിർദ്ദേശം. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഭൂമി ജൂലൈയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വിറ്റിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കടം കയറി പ്രതിസന്ധിയിലായ എഫ്എസിറ്റിയ്ക്ക് ഭൂമി വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. വായ്പാ കുടിശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥല വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കാനാണ് നീക്കം. അതിനിടെയാണ് അന്താരാഷ്ട്ര നിലവാരമുള്ള കൂടുതൽ പദ്ധതികൾക്കായി ഫാക്ട് ഭൂമി ഉപയോഗിക്കാനാകുമോ എന്ന നിർദേശം ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത്. 

പദ്ധതി പ്രാവർത്തികമായാൽ അത് വല്ലാർപാടം ടെർമിനലിന്റെ പ്രവർത്തനത്തിന് ഏറെ ഗുണകരമാകും. പാർക്കിംഗ് സംവിധാനം ഇല്ലാത്തതിനെ തുടർന്ന് വഴിയരികിൽ ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നത് വല്ലാർപാടത്ത്  നിരവധി അപകടങ്ങൾക്ക് വഴി വച്ചിരുന്നു. അപകടങ്ങൾ വർദ്ധിച്ചതോടെ ഹൈക്കോടതി പാർക്കിംഗ് നിരോധിക്കുകയും ചെയ്തിരുന്നു. അനധികൃത പാർക്കിംഗിനെതിരെ നാട്ടുകാർ നിരവധി തവണ പ്രതിഷേധവും ഉയർത്തി. ടെർമിനലിനകത്ത് താത്കാലികമായി പാർക്കിംഗ് സൗകര്യം ആവശ്യപ്പെട്ട് നാട്ടുകാർക്ക് പുറമെ ലോറി ഉടമകളും രംഗത്തെത്തിയിരുന്നു.

1200 ഓളം ലോറികളാണ് ദിവസേന വല്ലാർപാടം ടെർമിനലിൽ എത്തുന്നത്. എന്നാൽ ഇവിടുത്തെ മൂന്ന് യാഡുകളിലായി 350 ലോറികൾക്കെ നിലവിൽ പാർക്കിംഗ് സൗകര്യമുള്ളു. അന്താരാഷ്ട്ര നിലവാരമുള്ള പാർക്കിംഗ് ഹബ് ,മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയുമായി സർക്കാർ മുന്നോട്ട് പോയാൽ കൊച്ചിയുടെ വ്യാവസായിക മേഖലയിലും അത് മുതൽക്കൂട്ടാകും.


 

Follow Us:
Download App:
  • android
  • ios