Asianet News MalayalamAsianet News Malayalam

അഭിമന്യു വധക്കേസ്: സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശം

എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്പ്,  കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകർപ്പ്  വേണമെന്നായിരുന്നു ജിസാല്‍ ആവശ്യപ്പെട്ടത്.

high court command give cctv footage for abhimanyu murder case accused
Author
Kochi, First Published Sep 30, 2019, 1:57 PM IST

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി ജിസാല്‍ റസാഖ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെ ജിസാല്‍ റസാഖ് കോടതിയെ സമീപിക്കുകയായിരുന്നു. എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്പ്,  കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകർപ്പ്  വേണമെന്നായിരുന്നു ജിസാല്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ നൽകാൻ നിർദേശിക്കുകയായിരുന്നു.

2018 ജൂലെെ രണ്ടിന് പുലർച്ചെയാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘർഷത്തിൽ  കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 

കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം. കൊലപാതകം, സംഘംചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios