Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഐ ഗ്രൂപ്പിന്‍റെ പിടിവാശി വിജയിച്ചു; കെപിസിസിക്ക് ജംബോ പട്ടിക തന്നെ

ഐ ഗ്രൂപ്പിൻറെ പിടിവാശിക്ക് കെപിസിസി അധ്യക്ഷന് വഴങ്ങേണ്ടി വന്നതോടെ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും.
 

jumbo list for kpcc
Author
Thiruvananthapuram, First Published Nov 5, 2019, 9:28 PM IST

തിരുവനന്തപുരം: കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നു. ഐ ഗ്രൂപ്പിൻറെ പിടിവാശിക്ക് കെപിസിസി അധ്യക്ഷന് വഴങ്ങേണ്ടി വന്നതോടെ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും.

എ-ഐ ഗ്രൂപ്പുകൾ മുന്നോട്ട് വെച്ച പേരുകൾ കൂട്ടിച്ചേർത്താൽ തന്നെ 60 ലേറെ പേര്‍ ഭാരവാഹികളായി എത്തും. ഗ്രൂപ്പിന് പുറത്തുനിന്നുള്ളവരെ കൂടി ഉൾപ്പെടുത്തുമ്പോൾ അന്തിമ പട്ടികയിലെ ഭാരവാഹികളുടെ എണ്ണം 80 ന് മുകളിലെത്തും.   ജംബോ കമ്മിറ്റി വേണ്ടെന്ന ആഗ്രഹം, ഐ ഗ്രൂപ്പിന്‍റെ പിടിവാശിക്ക് മുമ്പില്‍ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അത് മാത്രമല്ല. എംപിമാരും എംഎൽഎമാരും ഭാരവാഹികൾ ആകേണ്ടെന്ന ആഗ്രഹവും ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നിൽ കെപിസിസി അധ്യക്ഷന് ഉപേക്ഷിക്കേണ്ടിവന്നു. 

ജനപ്രതിനിധികളെ ഭാരവാഹികളാക്കാൻ നിർബന്ധം പിടിച്ചത് ഐ ഗ്രൂപ്പാണ്. ഒരാൾക്ക് ഒരു പദവി ആശയത്തോട് എ ഗ്രൂപ്പിന് യോജിപ്പായിരുന്നു. വിഡി സതീശൻ, വിഎസ് ശിവകുമാർ , അടൂർ പ്രകാശ് അടക്കമുള്ള ജനപ്രതിനിധികൾ ഐ ഗ്രൂപ്പ് പട്ടികയിലുണ്ട്. നേരത്തെ 24 ജനറൽ സെക്രട്ടറിമാറും 44 സെക്രട്ടറിമാരും അഞ്ച്  വൈസ് പ്രസിഡന്‍റുമാരുമാണ് ഉണ്ടായിരുന്നത്.

 പട്ടിക ദില്ലിക്ക് അയക്കും മുമ്പ്  മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒരിക്കൽക്കൂടി ചർച്ച നടത്തിയിരുന്നു. വർക്കിംഗ് പ്രസിഡന്‍റുമാർ വേണ്ടെന്നായിരുന്നു നേരത്തെ സംസ്ഥാനതലത്തിലുണ്ടായ ധാരണ. പക്ഷേ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കമാൻഡിന് വിട്ടു. നിലവില്‍ രണ്ട് വർക്കിംഗ് പ്രസിഡണ്ടുമാർ എംപിമാരാണ്. എം ഐ ഷാനവാസിന്‍റെ മരണം മൂലമുള്ള ഒഴിവുമുണ്ട്. പട്ടിക ചുരുക്കാൻ മുല്ലപ്പള്ളി ഒരുപാട് ശ്രമിച്ചെങ്കിലും ഗ്രൂപ്പുകൾ വിട്ടുവീഴ്ചക്കില്ലായിരു്നു. ഇനിയും കമ്മിറ്റിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്ന കെപിസിസി പ്രസിഡണ്ട് ഒടുവിൽ ഗ്രൂപ്പ് താല്പര്യത്തിന് മുന്നിൽ മുട്ടുമടക്കി.


 

Follow Us:
Download App:
  • android
  • ios