Asianet News MalayalamAsianet News Malayalam

439 കോടിയുടെ വൻ കരാർ ഏറ്റെടുത്ത് കെ റെയിൽ; 'സിൽവർ ലൈനിന് അംഗീകാരം കാത്തുനിൽക്കുന്നതിനിടെ സുപ്രധാന പദ്ധതി'

'ട്രെയിന്‍ പുറപ്പെടുന്നതിനു നിശ്ചിത സമയത്തിന് മുന്‍പ് മാത്രം യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.'

k rail contract for thiruvananthapuram railway station redevelopment
Author
First Published May 3, 2024, 5:03 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്-റെയില്‍ വികാസ് നിഗം ലിമിറ്റഡ് സഖ്യത്തിന്. 439 കോടി രൂപയുടെ പദ്ധതിയാണ് കെ-റെയിലും ആര്‍.വി.എന്‍.എല്ലും ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍ അറിയിച്ചു. 

'കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കാത്തുനില്‍ക്കുന്നതിനിടെ, കെ-റെയില്‍ ഏറ്റെടുക്കുന്ന സുപ്രധാന പദ്ധതിയാണിത്. നേരത്തെ, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ കരാറും കെ-റെയില്‍-ആര്‍.വി.എന്‍.എല്‍ സഖ്യം നേടിയിരുന്നു. വര്‍ക്കലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നു വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ അത്യാധുനിക സംവിധാനത്തോടെ നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കും എത്തിച്ചേരുന്നവര്‍ക്കുമായി വിമാനത്താവളങ്ങളിലേതിനു സമാനമായ വെവ്വേറെ ലോഞ്ചുകള്‍, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ എന്നിവ നിര്‍മ്മിക്കും. ട്രെയിന്‍ പുറപ്പെടുന്നതിനു നിശ്ചിത സമയത്തിന് മുന്‍പ് മാത്രം യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത് പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കും.' ട്രെയിന്‍ വിവരങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിക്കുമെന്നും കെ റെയില്‍ അറിയിച്ചു. 

'നിലവിലെ സ്റ്റേഷന്‍ മന്ദിരം അതേപടി നിലനിര്‍ത്തി, തെക്ക് വടക്ക് ഭാഗങ്ങളിലായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. തെക്കുവശത്ത് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കൂടി ഉള്‍പ്പെടുത്തും. അക്വാ ഗ്രീന്‍ നിറത്തില്‍ തരംഗാകൃതിയിലുള്ള മേല്‍ക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ രൂപരേഖയില്‍ ഉണ്ട്. കേരളത്തിലെ 27 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള ചുമതലയും കെ-റെയിലിനാണ്. പ്രവര്‍ത്തനാനുമതി ലഭിച്ച നിലമ്പൂര്‍ യാര്‍ഡില്‍ നിര്‍മാണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ പോളയത്തോട് ഓവര്‍ ബ്ര്ഡ്ജിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു.' തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടസി ചുമതലയും കെ-റെയിലിനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

'എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ചു'; അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ് 

 

Latest Videos
Follow Us:
Download App:
  • android
  • ios