Asianet News MalayalamAsianet News Malayalam

കാസർകോട് ഇരട്ടകൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരാണ് പരാതി നൽകിയത്. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.

kasargod double murder case family demands cbi enquiry
Author
Kasaragod, First Published Mar 1, 2019, 3:35 PM IST

കാസർകോട്: കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി. ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരാണ് പരാതി നൽകിയത്. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞു.

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്‍റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തിൽ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേർ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രതികളുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ വീട്ടിൽ നിരവധി തവണ ചർച്ച നടത്തിയിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

കൊലപാതകത്തിന് മുമ്പ് പ്രദേശത്തെ സിപിഎം കുടുംബങ്ങൾ സ്ഥലം വിട്ടത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഗുരുവായൂർ സന്ദർശനമെന്ന പേരിലാണ് ഇവർ പോയതെന്നും കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കൃത്യം നടന്നതിന് ശേഷം മുഖ്യ പ്രതി പീതാംബരന്‍റെ വീട്ടുകാരുമായി കെ കുഞ്ഞിരാമൻ എം എൽ എ അടക്കമുള്ളവർ ചർച്ച നടത്തി.
അറസ്റ്റ് രേഖ പെടുത്തുന്നതിന് മുൻപ് പീതാമ്പരനെ പാർട്ടിയിൽ നിന്നും പുറത്തക്കി. പാർട്ടി മുൻകൂട്ടി അറിഞ്ഞെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാന സർക്കാറിന് കീഴിലുള്ള ഏജൻസി അന്വേഷണം നടത്തിയാൽ നീതി ലഭിക്കില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.

അതേസമയം, ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്രയ്ക്ക് തുടക്കമായി. കല്ല്യോട്ടെ ഇരുവരുടേയും സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളാണ് ചിതാഭസ്മം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കൂര്യക്കോസിന് കൈമാറിയത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം തിരുവനന്തപുരം തിരുവല്ലത്ത് നിമഞ്ജനം ചെയ്യും.

അതേസമയം ഇന്ന് വൈകുന്നേരമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. നാലുമണിക്ക് പെരിയയിൽ നടക്കുന്ന പരിപാടിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തോടെ പ്രതിരോധത്തിലായ സിപിഎം 12 ദിവസത്തിന് ശേഷമാണ് പ്രത്യക്ഷ രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നത്. 

സ്ഥലത്ത് വൻ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന അടക്കം പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പീതാംബരനേയും രണ്ടാം പ്രതി സജി ജോർജിനേയും മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. 

Follow Us:
Download App:
  • android
  • ios