Asianet News MalayalamAsianet News Malayalam

പ്രളയ ദുരിതാശ്വാസത്തിലേക്ക് കെഎസ്ഇബി തുക കിട്ടിയില്ലെന്ന് വിടി ബൽറാം; വിവരക്കേടെന്ന് മന്ത്രി

  • സാലറി ചലഞ്ചിലൂടെ കെഎസ്ഇബി മുഖ്യമന്ത്രിക്ക് നൽകിയ 131.26 കോടി രൂപ എവിടെ പോയെന്ന് വിടി ബൽറാമിന്റെ ചോദ്യം
  • കെഎസ്ഇബിയുടെ സാലറിയും പെൻഷനും എസ്ബിഐ മുഖേനയാണെന്ന് വ്യക്തമാക്കിയ മന്ത്രി ട്രഷറി മുഖേന വന്ന കണക്കാണ് എംഎൽഎ എടുത്ത് കാണിക്കുന്നതെന്നും പറഞ്ഞു
Kerala floods 2018 KSEB salary challenge VT Balram MLA Minister MM Mani
Author
Thiruvananthapuram, First Published Sep 30, 2019, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ പ്രളയ ദുരിതാശ്വാസത്തിന് കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വാദവുമായി വിടി ബൽറാം എംഎൽഎ. എന്നാൽ പ്രതിപക്ഷ എംഎൽഎയുടെ ഈ വിമർശനത്തിന് മിനിറ്റുകൾക്കുള്ളിൽ നൽകിയ മറുകുറിപ്പിലൂടെ മന്ത്രി എംഎം മണി മറുപടി നൽകി.

സാലറി ചലഞ്ചിലൂടെ കെഎസ്ഇബി മുഖ്യമന്ത്രിക്ക് നൽകിയ 131.26 കോടി രൂപ എവിടെ പോയെന്നായിരുന്നു വിടി ബൽറാമിന്റെ ചോദ്യം. കെഎസ്ഇബി നൽകിയത് വണ്ടിച്ചെക്കായിരുന്നോ എന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ വിമർശിച്ചു.

എന്നാൽ ആഗസ്റ്റ് 20 ന് നൽകിയ ചെക്ക് ആഗസ്റ്റ് 22 ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കപ്പെട്ടതായി മന്ത്രി എംഎം മണി വ്യക്തമാക്കി. കെഎസ്ഇബിയുടെ സാലറിയും പെൻഷനും എസ്ബിഐ മുഖേനയാണെന്ന് വ്യക്തമാക്കിയ മന്ത്രി ട്രഷറി മുഖേന വന്ന കണക്കാണ് എംഎൽഎ എടുത്ത് കാണിക്കുന്നതെന്നും പറഞ്ഞു. ഇതിനെ "ഒരു എംഎൽഎയുടെ വിവരക്കേട്" എന്നാണ് മന്ത്രി പറഞ്ഞത്. അധികമാളുകൾ കാണുന്നതിന് മുൻപ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ എന്നും മന്ത്രി പരിഹസിച്ചു.

വിടി ബൽറാമിന്റെ ഫെയ്സ്ബുക് കുറിപ്പ്

"എംഎം മണി 20/08/2019 ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി? ഒന്നര മാസത്തോളമായിട്ടും ഈ തുക ഇതുവരെ ക്രഡിറ്റ് ആയിട്ടില്ല. മന്ത്രി നൽകിയത് വണ്ടിച്ചെക്കായിരുന്നോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അരങ്ങേറുന്നത് വലിയ സാമ്പത്തികത്തട്ടിപ്പാണോ?"

മന്ത്രി എംഎം മണിയുടെ മറുപടി

"ചാടിക്കളിക്കെടാ കൊച്ചുരാമാ" ........ 
നേതാക്കൾ ബലരാമനോട്.
പാവം ബലരാമൻ........ 
കേട്ടപാതി കേൾക്കാത്തപാതി 
കാര്യമറിയാതെ ചാടി.

ഒരു MLA യുടെ വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.

CMDRF - ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെൻഷനും
SBI മുഖേനയാണ്.
ബലരാമൻ ഇട്ട പോസ്റ്റിലെ സ്ക്രീൻഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമൻ വെറും 'ബാലരാമൻ' ആവരുത്‌."

Follow Us:
Download App:
  • android
  • ios