Asianet News MalayalamAsianet News Malayalam

ഒളിഞ്ഞിരുന്നും ഓടിച്ചിട്ട് പിടിച്ചും ഹെല്‍മറ്റ് പരിശോധന വേണ്ടെന്ന് ഹൈക്കോടതി

ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യാമറ, മൊബൈൽ ക്യാമറ, ട്രാഫിക് സർവൈലൻസ് ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വേണം പരിശോധന നടത്താനെന്ന് കോടതി നിര്‍ദേശിച്ചു.

Kerala HC Give Guide Lines for Helmet Checking
Author
High Court of Kerala, First Published Nov 20, 2019, 6:54 PM IST

കൊച്ചി: ഇരുചക്ര വാഹനക്കാരെ ഓടിച്ചിട്ട് പിടിച്ചുള്ള ഹെൽമെറ്റ് പരിശോധന പാടില്ലെന്ന് ഹൈക്കോടതി. ട്രാഫിംഗ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കണം. പാത്തും പതുങ്ങിയുമുള്ള പരിശോധന യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഭീഷണിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ പോയതിന് മലപ്പുറം  കാടാമ്പുഴ പോലീസ്  രജിസ്റ്റർ ചെയ്ത കേസിൽ  മുഫ്ലിഹ് എന്ന ഇരുചക്ര യാത്രക്കാരൻ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് പാത്തും പതുങ്ങിയുമുള്ള വാഹന പരിശോധനയെ കോടതി വിമർശിച്ചത്. ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യാമറ, മൊബൈൽ ക്യാമറ, ട്രാഫിക് സർവൈലൻസ് ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വേണം പരിശോധന നടത്താനെന്ന് കോടതി നിര്‍ദേശിച്ചു.

വാഹനം നിർത്താതെ പോയാലും  രജിസ്റ്റർ നമ്പർ കണ്ടെത്തി ഈ വാഹനങ്ങൾ പിടികൂടാൻ കഴിയും. പരിശോധന എങ്ങനെ വേണമെന്നത് സംബന്ധിച്ച് 2012ൽ തന്നെ ഡിജിപി ഒരു സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈ സർക്കുലറിൽ പറയുന്നത് മുൻകൂട്ടി അറിയിച്ച്  മാർക്ക് ചെയ്ത സ്ഥലത്ത് വേണം പരിശോധന എന്നതാണ്.  മിന്നൽ പരിശോധന നടത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ അടക്കം ഒഴിവാക്കാൻ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പരിശോധന ബോധവൽക്കരണത്തിന് കൂടിയാകണം. റോഡിൽ അപ്രതീക്ഷിതമായി വാഹനം തടഞ്ഞുള്ള പരിശോധന യാത്രക്കാർക്കെന്നപോലെ ഉദ്യോഗസ്ഥർക്കും ഭീഷണിയാണ്. അതിനാൽ റോഡിന് നടുവിൽ നിന്നുള്ള  പരിശോധന പാടില്ലെന്നും കോടതി വ്യക്തമാക്കി. പരിശോധന സമയത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നിയമം അനുവദിക്കുമെങ്കിൽ ബാരിക്കേഡ് അടക്കം ഉപയോഗിക്കുന്നത് ആലോചിക്കാമെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളില്‍ പിന്നിലരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഹെല്‍മറ്റ് പരിശോധന നടപടികളും ഹൈക്കോടതി പൊളിച്ചെഴുതുന്നത്. 

Follow Us:
Download App:
  • android
  • ios