Asianet News MalayalamAsianet News Malayalam

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി, പൊലീസിന് രൂക്ഷ വിമര്‍ശനം

കേസിൽ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Kerala high court transfers periya murder investigation to cbi
Author
Kochi, First Published Sep 30, 2019, 4:41 PM IST

കൊച്ചി: വിവാദമായ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസിൽ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. പൊലീസ് അന്വേഷണത്തിൽ രാഷ്ട്രീയ ചായ്‍വുണ്ടായെന്നടക്കം കോടതി സംശയിക്കുന്നു.

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. 

ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കോടതി വിമർശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു. 

വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികൾ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറിൽ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ എന്നും ഓർമ്മിപ്പിച്ചു. 

ഈ വർഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

ഒന്നാംപ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ വ്യക്തിവിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉൾപ്പെട്ടിരുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ​ഗിജിൻ, ശ്രീരാ​ഗ്, അശ്വിൻ, സുബീഷ്, മുരളി, ര‍ഞ്ജിത്ത്, പ്രദീപൻ, മണികണ്ഠൻ, ബാലകൃഷ്ണൻ എൻ, മണികണ്ഠൻ ബി എന്നിവരാണ് ഈ കുറ്റപത്രം പ്രകാരമുള്ള മറ്റ്  പ്രതികൾ.

STORY UNDER UPDATION......PLEASE REFRESH

Follow Us:
Download App:
  • android
  • ios