Asianet News MalayalamAsianet News Malayalam

രാത്രി 10 മണിക്കും തീരാതെ പോളിങ്; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ ക്യൂവിൽ, ഗുരുതര വീഴ്ചയെന്ന് യുഡിഎഫ്

വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനിൽക്കുന്നത്.

Kerala Lok Sabha Election 2024 live updates polling continues late night in vadakara long line voters most booths
Author
First Published Apr 26, 2024, 10:36 PM IST

കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ് മൂന്ന് മണിക്കൂർ പിന്നിടുമ്പോഴും വടക്കൻ കേരളത്തിലെ ചില ബൂത്തുകളില്‍ പോളിങ് അവസാനിച്ചിട്ടില്ല. വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനിൽക്കുന്നത്. കോഴിക്കോട് 284 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുകയാണ്. 2248 ബൂത്തുകളില്‍ 1964 ഇടത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ 7 ബൂത്തില്‍ വോട്ടെടുപ്പ് തുടരുകയാണ്. ആലത്തൂരില്‍ 9 ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 

കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ ഗുരുതര വീഴ്ചയെന്ന് യുഡിഎഫ് ആരോപിച്ചു. ഇഴഞ്ഞു നീങ്ങിയ പോളിങ് പലയിടത്തും വില്ലനായി. മെഷീനുകൾ തകരാർ ആയത് അടക്കം പല പ്രശ്നങ്ങളുമുണ്ടായ അശ്രദ്ധകൊണ്ടാണ് പോളിങ് ഇത്ര വൈകാൻ കാരണം. നടത്തിപ്പിലെ വീഴ്ചയില്‍ കർശനമായ നടപടി വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കെ കെ രമ എംഎൽഎയും ആവശ്യപ്പെട്ടു. അട്ടിമറി നടന്നതായി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. യുഡിഎഫിന് മേൽക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എല്‍ഡിഎഫിന് മേൽക്കൈയുള്ള ബൂത്തുകളിൽ സാധാരണ നിലയിൽ വോട്ടെടുപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. രാത്രി എട്ടര വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാൽ 7 ശതമാനത്തോളം കുറവാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ആയിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് ഉണ്ടായത്. 63.35%. കണ്ണൂരിൽ ആണ് ഏറ്റവും കൂടുതൽ. 75.74%

Follow Us:
Download App:
  • android
  • ios