Asianet News MalayalamAsianet News Malayalam

കിഫ്ബി മസാല ബോണ്ടിന് അപൂർവനേട്ടം, ലണ്ടനിൽ പുറത്തിറക്കും: ചടങ്ങിൽ മുഖ്യമന്ത്രിക്കും ക്ഷണം

കിഫ്ബി മസാല ബോണ്ടുകൾ വിപണിയിലിറക്കുന്ന ചടങ്ങിലേക്കാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ടുകൾ വിപണിയിലിറക്കുന്നത്. 

kifbi masala bonds will be released in london cm will attend the function
Author
Thiruvananthapuram, First Published Apr 7, 2019, 1:28 PM IST

തിരുവനന്തപുരം: കിഫ്‍ബിയുടെ മസാല ബോണ്ടുകൾ ലണ്ടനിൽ പുറത്തിറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. മെയ് 17-നാണ് ചടങ്ങ്.

പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസർക്കാരിന്‍റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്‍റ്റ്‍ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങിൽ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്.

ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‍സണൽ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ട്. അനുമതി കിട്ടിയാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മസാല ബോണ്ട് നിക്ഷേപത്തെക്കുറിച്ച് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. മെയ് 17-നാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിയ്ക്കുന്നത്. 

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.  ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു. 

ഇനി പൊതുവിപണിയിലുള്ള ബോണ്ടുകളുടെ വിലനിലവാരം സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. മസാലബോണ്ടുകളുടെ വിലയിൽ ഇടിവുണ്ടായാൽ അത് ഇനി കിഫ്ബി ഇറക്കുന്ന ബോണ്ടുകളുടെ വിൽപ്പനയെ ബാധിക്കും. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. 

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്.  ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios