Asianet News MalayalamAsianet News Malayalam

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം; സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള ഒളിവിൽ

രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള ഒളിവിൽ പോയി. രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സരസൻ പിള്ളയ്ക്ക് പങ്കുണ്ടെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കളും ദൃക്സാക്ഷികളും  ആരോപിച്ചിരുന്നു. കൊല്ലം, ചവറ തെക്കുംഭാഗത്തെ അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറിയാണ് സരസൻ പിള്ള.

kollam student ranjith murder, local cpm leader Sarasan Pillai abscounting
Author
Kollam, First Published Mar 3, 2019, 9:52 AM IST

കൊല്ലം: പെൺകുട്ടിയെ ശല്യപ്പെടുത്തി എന്നാരോപിച്ച് ഐടിഐ വിദ്യാർത്ഥിയായ രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള ഒളിവിൽ പോയി. രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സരസൻ പിള്ളയ്ക്ക് പങ്കുണ്ടെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കളും ദൃക്സാക്ഷികളും  ആരോപിച്ചിരുന്നു. ചവറ തെക്കുംഭാഗത്തെ അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറിയാണ് സരസൻ പിള്ള.

സംഭവദിവസം സരസൻ പിള്ള കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് സരസൻ പിള്ളയുടെ ഭാര്യ വീണ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സൈക്കിളിൽ പിന്തുട‍ർന്നെത്തി രഞ്ജിത് മകളെ ശല്യം ചെയ്തു. ഇത് ചോദിക്കാനായിരുന്നു തന്‍റെ ഭർത്താവ് പോയതെന്നും വീണ പറയുന്നു. രഞ്ജിത്തിന്‍റെ വീട്ടിലെത്തിയ സംഘത്തിൽ സരസൻ പിള്ള ഉണ്ടായിരുന്നുവെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. എന്നാൽ, രഞ്ജിത്തിന്‍റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയത് ജയിൽ വാർഡൻ വിനീതാണെന്ന് കാട്ടി വിനീതിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. സരസൻ പിള്ളക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടിയില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.

സംഭവദിവസം തന്നെ രഞ്ജിത്തിന്‍റെ ബന്ധുക്കൾ പരാതിയുമായി ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും സരസൻ പിള്ള അടക്കമുള്ളവരെ പ്രതിചേർക്കാൻ പൊലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ദൃക്സാക്ഷി മൊഴികളിലും സരസൻ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേർക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് ഇത് വരേയും തയ്യാറായിട്ടില്ല. കേസിൽ ജയിൽ വാർഡൻ വിനീതിനെ മാത്രം പ്രതിചേർത്ത് മറ്റുള്ളവരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

തുടക്കം മുതൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് രഞ്ജിത്തിന്‍റെ ബന്ധുക്കളുടെ ആക്ഷേപം. സരസൻ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്ന് കാട്ടി പരാതി നൽകിയെങ്കിലും മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് രഞ്ജിത്തിന്‍റെ അച്ഛന്‍ പറഞ്ഞു. രഞ്ജിത്തിനെതിരെയും പരാതിയുണ്ടെന്നും കേസുമായി മുന്നോട്ടുപോയാൽ കൗണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒത്തുതീർപ്പിനായി പൊലീസ് കുടുംബത്തെ സമീപിച്ചുവെന്നും ഇവർ പറയുന്നു.

ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിച്ചു. ബന്ധുവായ പെൺകുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് രഞ്ജിത് മരിച്ചത്.

രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സരസൻപിള്ളക്കെതിരായ ആരോപണം സിപിഎം നിഷേധിച്ചിരുന്നു. പിടിയിലായ പ്രതി വിനീതും കുടുംബവും കോൺഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെൺകുട്ടിയെ കമന്‍റടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios