Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വനിതാ സെൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി; തെളിവെടുപ്പ് നാളെ

ജോളിയടക്കമുള്ള മൂന്നുപ്രതികളെ നാളെ തെളിവെടുപ്പിനെത്തിക്കും. അന്വേഷണ സംഘത്തിന്റെ യോഗത്തിലായിരുന്നു തീരുമാനം.

koodathai murder examination tomorrow
Author
Kozhikode, First Published Oct 10, 2019, 10:13 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളുമായി നാളെ തെളിവെടുപ്പ് നടത്തും. അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്ന് പ്രത്യേകം ചോദ്യം ചെയ്തിരുന്നു. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് വടകര പൊലീസ് സ്റ്റേഷനിലെ വനിത സെല്ലിൽ പാർപ്പിക്കും. നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ജോളിക്ക് കാവലുണ്ടാവും. നാളെ 8 മണി വരെ വടകര സ്റ്റേഷനിൽ ജോളി തുടരും. നാളെ രാവിലെ എട്ട് മണിക്ക് തെളിവെടുപ്പിന് കൊണ്ടുപോകും.

പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്കാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചായിരുന്നു ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമൺ പറഞ്ഞു. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

Read Also: കൂക്കുവിളിയുമായി ജനം: ജോളിയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം റോയ് തോമസിന്‍റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു. 

Read Also: ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ജോളിക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

അതിനിടെ, ജോളി കൂടുതൽ വ്യാജരേഖകൾ ചമച്ചെന്ന വിവരവും പുറത്തുവന്നു. താമരശേരി രൂപതാ മുൻ വികാരി ജനറാളിന്‍റെ വ്യാജ കത്താണ് ജോളി തയ്യാറാക്കിയത്. ഷാജുവിനെ വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ജോളിയുടെ ശ്രമം. പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജകത്തിലെ ഉള്ളടക്കം. ഷാജുവിനെ പുനർവിവാഹം ചെയ്തതോ‌ടെ കൂടത്തായി ഇടവകയിൽ നിന്ന് കോടഞ്ചേരിയിലേക്ക് ജോളിയുടെ ഇടവക മാറിയിരുന്നു. കൂടത്തായി ഇടവകയിൽ നിലനിന്ന് ടോം തോമസിന്‍റെ പേരിലുള്ള നാൽപത്‌സെന്‍റോളം ഭൂമിയും വീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. കൂടത്തായിയിൽ താമസിച്ചാലും രൂപതാ നിയമമനുസരിച്ച് ഭർത്താവിന്‍റെ ഇടവകയിലേ ജോളിക്ക് അംഗമാകാനാകു. ഇക്കാരണത്താലാണ് താമരശേരി വികാരി ജനറാളിന്‍റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. 

Read Also: ജോളി കൂടുതൽ വ്യാജരേഖകൾ ചമച്ചു; കൂടത്തായി ഇടവകയിൽ തുടരാന്‍ മുൻ വികാരി ജനറാളിന്റെ പേരില്‍ കത്തും നല്‍കി

അതേസമയം, ജോളിയുടെ വക്കാലത്ത് അഭിഭാഷകനായ ബി എ ആളൂർ ഏറ്റെടുത്തു. ജോളിയെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകരെത്തിയാണ് വക്കാലത്ത് ഏറ്റെടുത്തത്. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു. കൂടത്തായിയിലെ മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണെന്നും ആളൂർ മാധ്യമങ്ങളോട്  പറഞ്ഞു.

Read Also: സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ല, കെസെടുത്തത് പ്രതിയുടെ ആവശ്യ പ്രകാരം: ആളൂര്‍

അതിനിടെ, ചാത്തമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവ് മജീദിനെയും പൊലീസ് ചോദ്യം ചെയ്തു. രാമകൃഷ്ണന്റെ മകൻ രോഹിതിന്റെ പരാതിയിലാണ് നടപടി. അച്ഛൻ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പരാതി.

Follow Us:
Download App:
  • android
  • ios