Asianet News MalayalamAsianet News Malayalam

യുഎപിഎ അറസ്റ്റ്: പൊലീസ് നടപടി നിയമപരമെങ്കില്‍ തുടരണമെന്ന് വി മുരളീധരൻ

ഇടത് അനുഭാവികൾ ആയതിനാല്‍ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനമെങ്കില്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്ന് ജനങ്ങളോട് സർക്കാർ തുറന്നു പറയണമെന്നും മുരളീധരൻ

kozhikkode UAPA  arrest: v muraleedharan reaction on UAPA arrest
Author
Kozhikode, First Published Nov 4, 2019, 1:22 PM IST

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുവാക്കളെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിലെ നടപടി നിയമപരമാണെങ്കില്‍ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുഎപിഎയ്ക്കുള്ള വ്യവസ്ഥകള്‍ പാലിച്ചാണെങ്കില്‍ ഏത് പാര്‍ട്ടി നേതാവ് പറഞ്ഞാലും ആ കാര്യത്തില്‍ ഉറച്ച് നില്‍ക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാമന്ത്രിമാര്‍ക്കും ഉണ്ടെന്നും  അതേസമയം നടപടി തെറ്റായിരുന്നെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അരാജകവാദികളെ വളരാൻ അനുവദിക്കുന്നതാകരുത് ഭരണം. ഇടത് അനുഭാവികൾ ആയതിനാല്‍ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനമെങ്കില്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്ന് ജനങ്ങളോട് സർക്കാർ തുറന്നു പറയണമെന്നും മുരളീധരൻ വ്യക്തമാക്കി. 

പന്തീരാങ്കാവ് കേസിൽ സിപിഎം ഇരട്ട നിലപാടെടുക്കുന്നുവെന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുരളീധരന്‍ രംഗത്തെത്തിയിരുന്നു. രാജ്യവിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയില്‍ നിന്ന് പുറത്ത് വന്നതിന്‍റെ ജാള്യത സിപിഎം എങ്ങനെ മറയ്ക്കുമെന്നും വി മുരളീധരൻ ട്വിറ്ററിൽ വിമർശിച്ചിരുന്നു. 

മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട,അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ട്: പരിഹാസവുമായി വി മുരളീധരന്‍

സിപിഎമ്മുകാർ പ്രതികളായ പന്തീരാങ്കാവിലെ യുഎപിഎ കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനാണോ പിണറായി സർക്കാർ ശ്രമിക്കുന്നത്. രാജ്യവിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്തു വന്നതിന്റെ ജാള്യത എങ്ങനെ മറയ്ക്കും? മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട. അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ട്. എന്നായിരുന്നു ട്വിറ്ററിൽ വി മുരളീധരന്റെ വിമർശനം.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകളെല്ലാം  കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ  കോടതിയിൽ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios