Asianet News MalayalamAsianet News Malayalam

'ഒരു പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു': നഗരസഭയ്ക്ക് ലഭിച്ച മലേഷ്യന്‍ അവാര്‍ഡിനെ പരിഹസിച്ച് ശബരീനാഥന്‍ എംഎല്‍എ

മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയ്ക്ക് 14.5 കോടി രൂപ പിഴ അടയ്ക്കേണ്ടിവന്ന തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യനിർമാർജനത്തിന് പുരസ്കാരം ലഭിച്ചത്എങ്ങനെ ആണെന്നും ഒറു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്‍റെ മണമടിക്കുന്നുണ്ടെന്നുമാണ് എംഎല്‍എയുടെ വിമര്‍ശനം.

ks sabarinadhan mla facebook post on  thiruvananthapuram corporation bagged malaysian award for waste management
Author
Thiruvananthapuram, First Published Oct 16, 2019, 7:38 AM IST

തിരുവനന്തപുരം:  മാലിന്യ നിര്‍മാർജനത്തിന് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച  മലേഷ്യന്‍ അവാര്‍ഡിനെ ചോദ്യം ചെയ്ത് പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായ തിരുവനന്തപുരം മേയര്‍കൂടിയായ വികെ പ്രശാന്തിനെ ഉന്നം വച്ചാണ് ശബരീനാഥന്‍റെ പരിഹാസം. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയ്ക്ക് 14.5 കോടി രൂപ പിഴ അടയ്ക്കേണ്ടിവന്ന തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യനിർമാർജനത്തിന് പുരസ്കാരം ലഭിച്ചത്എങ്ങനെ ആണെന്നും ഒറു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്‍റെ മണമടിക്കുന്നുണ്ടെന്നുമാണ് എംഎല്‍എയുടെ വിമര്‍ശനം.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശബരീനാഥന്‍ എംഎല്‍എ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലേഷ്യയിലെ പെനാംഗിൽ നടന്ന ഇന്‍റര്‍നാഷണല്‍ സീറോ വേസ്റ്റ് കോണ്‍ഫറന്‍സിലാണ്  പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാലിത് നഗരസഭയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന തന്നെ മുന്‍കൈയെടുത്ത് സമ്മാനിച്ചതാണെന്ന് എംഎല്‍എ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരുവനന്തപുരം നഗരസഭയും മാലിന്യവും പിന്നെ ഒരു മലേഷ്യൻ അവാർഡും.
--------------
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണ് നഗരത്തിലെ മാലിന്യം. നഗരത്തിൽ പ്രതിദിനം ഉൽപാദിക്കുന്ന മാലിന്യത്തിന്റെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ന് സംസ്കരണം നടക്കുന്നത്, ഈ മാലിന്യമാണ് നഗരത്തിലെ എല്ലാ കോണുകളിലുമായി കുമിഞ്ഞു കൂടുന്നത്. മാലിന്യ സംസ്കരണത്തിൽ നഗരസഭ പരാജയപ്പെട്ടതുകൊണ്ടാണല്ലോ സർക്കാരിൻറെ പൊലൂഷൻ കൺട്രോൾ ബോർഡ് തന്നെ 14.59 കോടി രൂപ ഫൈൻ ഈടാക്കുന്നത്.

ഈ വിഷയങ്ങൾ വോട്ടർമാർ സജീവമായി ചർച്ച ചെയ്യുന്നതിനിടയിലാണ് മാലിന്യ നിർമാർജനത്തിന് മലേഷ്യയിലെ പെനാങിൽ നടന്ന 'International Zero Waste Conference' അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച വാർത്ത പത്രക്കുറിപ്പിലൂടെ അറിയുന്നത്.

ഇനി ഇതിന്റെ വസ്തുതകളിലേക്ക് കടക്കാം:

1) പ്രസ്തുത കോൺഫറൻസ് സംഘടിപ്പിച്ചത് GAIA (Global Alliance for Incinerator Alternatives) എന്ന സംഘടനയാണ്.കഴിഞ്ഞ കാലങ്ങളിലും ഇവർ സമാനമായ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.

2) GAIA യുടെ ഇന്ത്യയിലെ പ്രധാന പ്രതിനിധി ഒരു ഷിബു നായരാണ്. ഇതിനോടൊപ്പം ഷിബു നായർ തണൽ എന്ന തിരുവനന്തപുരത്തുള്ള സംഘടനയുടെ ഡയറക്ടറുമാണ്.

3) തിരുവനന്തപുരം നഗരസഭയുടെ ഹരിതസേന പദ്ധതിയും മാലിന്യ സംസ്കരണ പദ്ധതികളും കഴിഞ്ഞ കാലങ്ങളായി നടത്തുന്നതും ഈ തണൽ തന്നെയാണ്.

4) ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം നഗരസഭയ്ക്ക് വേണ്ടി പ്രസ്തുത അവാർഡിനുള്ള രേഖകൾ സമർപ്പിച്ചതും തണൽ തന്നെ. വെബ്സൈറ്റിലെ നഗരസഭയെ ക്കുറിച്ചുള്ള രേഖകളിൽ തണൽ എന്ന സംഘടനയോട് കടപ്പാടുണ്ട് എന്ന് പറയുന്നു.

ചുരുക്കം പറഞ്ഞാൽ, നഗരസഭയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ ഡയറക്ടർ ഷിബു നായർ തന്നെയാണ് അവാർഡ് കൊടുത്ത് സംഘടനയുടെ ദേശ തലവൻ. ഒരു കൈയ്യിൽ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം.

അതോടൊപ്പം അവാർഡിനു വേണ്ടി സമർപ്പിച്ചിരിക്കുന്ന രേഖകളിൽ 19000 കിച്ചൻ ബിന്നുകൾ നമ്മുടെ നഗരത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശരിക്കുമുള്ള കണക്ക് ഇതിലും വളരെ താഴെയാണ്.പരാജയമെന്ന് കോർപ്പറേഷൻ തന്നെ സമ്മതിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി 50% ഫലപ്രദമാണെന്നാണ് സംഘടനയുടെ റിപ്പോർട്ടിൽ കളവ് പറയുന്നത്.

ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ, ഇലക്ഷൻ സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു.അവാർഡ് ഉള്ളതാണോ അതോ നിർമ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവർ വിശദീകരിച്ചാൽ കൊള്ളാം. ശരി തെറ്റുകൾ നമുക്ക് ചർച്ച ചെയ്യാം,നമ്മൾ തയ്യാർ.

Follow Us:
Download App:
  • android
  • ios