Asianet News MalayalamAsianet News Malayalam

എംജിയിലെ മാർക്ക് തട്ടിപ്പ്: കെഎസ്‍യു പ്രതിഷേധം അറസ്റ്റില്‍ കലാശിച്ചു

മുപ്പത് ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗത്തിന് നൽകാനുള്ള വിസിയുടെ തീരുമാനം ആണ് പ്രതിഷേധത്തിന് വഴി വച്ചത്

ksu protest against mark scam in mg university
Author
Kottayam, First Published Oct 18, 2019, 2:39 PM IST

കോട്ടയം: എംജി സർവകലാശാലയിലെ  മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‍യു. എംജി സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. രണ്ട് മണിയോടെയാണ് പതിനഞ്ചോളം വരുന്ന പ്രവ‍‌ർത്തകർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ സമരം നടത്തിയത്. മാർക്ക് ദാനത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം നടന്നെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് കെഎസ്‍യുവിന്റെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

"

മുപ്പത് ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗത്തിന് നൽകാനാണ് വിസി നി‍ർദേശിച്ചത്. ഈ സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകണം എന്നാണ് കെഎസ്‍യു പ്രവർത്തകരുടെ ആവശ്യം. മാർക്ക് ദാന വിവാദത്തിലും നേരത്തെ തന്നെ കെഎസ്‍യു വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് നടന്ന കെഎസ്‍‍യു മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

Read More: എംജിയിൽ മാർക്ക് ദാനം മാത്രമല്ല, മാർക്ക് തട്ടിപ്പും! ഫോൾസ് നമ്പറടക്കം നൽകിയതിന് തെളിവ്

അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകളാണ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ.ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ കത്ത് നൽകിയത്. കഴിഞ്ഞ മാസം 15നാണ് എംകോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ 15 ദിവസം അവസരം നൽകി.

ഇതിനിടയിൽ ഇക്കഴിഞ്ഞ നാലാം തീയതി എംകോം നാലാം സെമസ്റ്റർ കോഴ്സിന്റെ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗം ഡോ.ആർ.പ്രഗാഷിനു നൽകാനാണ് വിസി നിർദേശിച്ചത്

പ്രഗാഷ് സ്വന്തം ലെറ്റർ പാഡിൽ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിസി കത്തിൽ ഒപ്പിട്ടത്. കത്ത് കിട്ടിയതായി പരീക്ഷാ കൺട്രോളർ സ്ഥിരീകരിച്ചു. എന്നാൽ ഫാൾസ് നമ്പറടക്കമുള്ള വിശദാംശങ്ങൾ സിൻഡിക്കേറ്റംഗത്തിന് നൽകിയോ എന്നതിൽ വ്യക്തതയില്ല.

പുനർമൂല്യനിർണയം ഉള്‍പ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതു വരെ റജിസ്റ്റർ നമ്പറും ഫോൾസ് നമ്പറും കൈമാറാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് എംജി സർവകലാശാലയിലെ നടപടി. എന്നാൽ  പുനർമൂല്യം നിർണ്ണയം നീണ്ട് പോയതിനാലാണ് ഫാൾസ് നമ്പർ ആവശ്യപ്പെട്ടതെന്നാണ് സിൻഡിക്കേറ്റ് അംഗം പ്രഗാഷിന്റെ വിശദീകരണം

 

Follow Us:
Download App:
  • android
  • ios