Asianet News MalayalamAsianet News Malayalam

കൂടത്തായി: എൻഐടിയില്‍ തെളിവെടുപ്പ് പൂർത്തിയായി, ജോളിയെ കണ്ടിട്ടുണ്ടെന്ന് കാന്‍റീൻ ജീവനക്കാരൻ

എൻഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്നും എന്നാല്‍, നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ ഭീംരാജ്.

kudathai murder evidence collection jolly in nit campus
Author
Kozhikode, First Published Oct 11, 2019, 6:26 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി അന്വേഷണ സംഘം എൻഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി. എൻഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്നും എന്നാല്‍, നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ ഭീംരാജ് പൊലീസിനോട് പറഞ്ഞു. എൻഐടിക്ക് സമീപമുള്ള ബ്യൂട്ടി പാർലറിലും പൊലീസ് തെളിവെടുപ്പ് നടത്തി. 

അതേസമയം, റഫറൻസില്ലാതെ ക്യാമ്പസിനകത്ത് കയറാൻ കഴിയില്ലെന്ന് എന്‍ഐടി രജിസ്ട്രാർ വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് വന്നതറിയില്ലെന്നും രജിസ്ട്രാർ പങ്കജാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോളി എത്ര തവണ ക്യാമ്പസിൽ കയറിയെന്നത് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നതെന്നും രജിസ്ട്രാർ പറഞ്ഞു. ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം ക്യാമ്പസിലെത്തിയത്. ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് രണ്ട് മാസം മുമ്പ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെന്നും പങ്കജാക്ഷൻ കൂട്ടിച്ചേര്‍ത്തു.

 

തെളിവെടുപ്പിനിടെ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയെന്നാണ് സൂചന. പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതായാണ് സൂചന. കീടനാശിനിയുടെ കുപ്പിയും വീട്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കേന്ദ്രങ്ങളിലും മൂന്ന് പ്രതികളെയും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

Also Read: കൂടത്തായി: പൊന്നാമറ്റത്തെ തെളിവെടുപ്പ് പൂർത്തിയായി, നിർണായക തെളിവുകൾ ലഭിച്ചെന്ന് സൂചന

100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയേയും പൊലീസ് ചോദ്യം ചെയ്തു. അതിനിടെ, കേസില്‍ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനായി രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്‌ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios