Asianet News MalayalamAsianet News Malayalam

'അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ശബരിമല വിധിയില്‍ നിയമനിർമ്മാണം'; ചെന്നിത്തല

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. യുവതികളെ കയറ്റാൻ സർക്കാർ ഇപ്പോഴും കോപ്പുകൂട്ടുന്നു. 2021ൽ യുഡിഫ് സർക്കാർ വന്നാൽ ആദ്യം ചെയ്യാൻ പോകുന്നത് ശബരിമല വിധിയെ മറികടക്കാനുള്ള നിയമ നിർമ്മാണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Legislation in Sabarimala judgment on return to power says Ramesh Chennithala
Author
Vattiyoorkavu, First Published Oct 5, 2019, 7:46 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലായിൽ തോറ്റത് ജനങ്ങൾ നൽകിയ താക്കീതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോൽ‌വിയിൽ പാഠം പഠിച്ചാണ് യുഡിഫ് ഇറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്മാരുടെ ഗവൺമെന്റ് ആണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്. കൊച്ചി മെട്രോ ഉൾപ്പെടെ തുടങ്ങി വച്ചത് യുഡിഫ് സർക്കാരാണ്. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. യുവതികളെ കയറ്റാൻ സർക്കാർ ഇപ്പോഴും കോപ്പുകൂട്ടുന്നു. 2021ൽ യുഡിഫ് സർക്കാർ വന്നാൽ ആദ്യം ചെയ്യാൻ പോകുന്നത് ശബരിമല വിധിയെ മറികടക്കാനുള്ള നിയമ നിർമ്മാണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്‌ബി വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുകയാണ്. മാർക്സിസ്റ്റ്‌ പാർട്ടിയുടെ കറവ പശുവാണ് കെഎസ്ഇബി. ലാവ്‌ലിൻ കേസിൽ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.

Read More:കെഎസ്ഇബി സിപിഎമ്മിന്‍റെ കറവപ്പശു; ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല

ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി ശങ്കർ റെയുടെ അഭിപ്രായം തന്നെയാണോ പിണറായി വിജയനുള്ളതെന്നും അദ്ദേഹം ആരാഞ്ഞിരുന്നു. കിഫ്ബിയുടെ സമ്പൂർണ്ണ ഓഡിറ്റ് സിഎജിക്ക് നിഷേധിച്ച സംസ്ഥാന സർക്കാർ നിലപാട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കും സർക്കാരും ഉയർത്തുന്ന വാദങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Read More:ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നതാണോ പിണറായിയുടെ അഭിപ്രായം?; ചോദ്യവുമായി ചെന്നിത്തല

കിഫ്ബിയിലെ തീർത്തും ദുരൂഹമായ ഇടപാടുകൾ സിഎജി ഓഡിറ്റ് ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഭയന്നാണ് സർക്കാർ സിപിസി നിയമത്തിലെ 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് നിഷേധിച്ചിരിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്‍റെ വാദവും രമേശ് ചെന്നിത്തല തള്ളിയിരുന്നു. സര്‍ക്കാരിന്‍റെ അനുവാദം ഇല്ലാതെ തന്നെ സിഎജിക്ക് ഓഡിറ്റ് നടത്താം എന്ന വാദം തെറ്റാണ്. ഓഡിറ്റ് നടന്നാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും എന്ന വാദം ബാലിശമാണെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Read More:കിഫ്‌ബി ഓഡിറ്റ്; ധനമന്ത്രിയുടെ വാദം തള്ളി ചെന്നിത്തല, സര്‍ക്കാരിന്‍റെ ശ്രമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നും ആരോപണം

Follow Us:
Download App:
  • android
  • ios