Asianet News MalayalamAsianet News Malayalam

മോദിക്ക് കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം; കേന്ദ്രത്തിനെതിരെ വിമർശനപ്രവാഹം

ഗാന്ധി പ്രതിമക്ക് നേരെ വെടിവച്ചവരും  ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും എംപിയാകുന്ന കാലമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി.

letter against celebrities for writing letter to pm,  creates wide criticism
Author
Trivandrum, First Published Oct 4, 2019, 9:57 PM IST

തിരുവനന്തപുരം:ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ അന്‍പത് പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശന പ്രവാഹം. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ ശബ്ദിച്ചിക്കുന്നവരെ ജയിലിലിടുന്ന സ്ഥിതിയാണിപ്പോൾ രാജ്യത്ത് നിലനിൽക്കുന്നതെന്നും നടപടി രാഷ്ട്രീയ ഫാസിസമാണെന്നും ആയിരുന്നു വിവിധ നേതാക്കളുടെ പ്രതികരണം

ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം , അപര്‍ണസെന്‍ , രേവതി,  തുടങ്ങി അന്‍പത് പേര്‍ക്കെതിരെ ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, മതസ്പര്‍ദ്ധവളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പാക്കാനും, പ്രധാനമന്ത്രിയെ ഇകഴ്ത്തികാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാമഞ്ച് പ്രവർത്തകനും അഭിഭാഷകനുമായ സുധീര്‍ ഓജയാണ് കോടതിയെ സമീപിച്ചത്

Read More: അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ആശങ്ക; അടൂർ ഗോപാലകൃഷ്ണൻ

 

ഗോഡ്സെ ആരാധകർ എംപിമാരാകുന്ന കാലത്ത് മാന്യമായി കത്തയച്ചവർക്ക് എതിരെ കേസ് എടുത്തതിൽ ആശ്ചര്യമുണ്ടെന്നായിരുന്നു അടൂരിൻറെ പ്രതികരണം.സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍. ഏതെങ്കിലും പ്രത്യേക കാര്യത്തില്‍ നമ്മുടെ ശ്രദ്ധ ചെന്നാല്‍, പ്രത്യേകിച്ച് ഒരു അനീതി നടക്കുന്നു എന്നു കണ്ടാല്‍ അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുക എന്നതുകൊണ്ടുമാത്രമാണ് ആ കത്ത് എഴുതിയത്.

പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടി മാത്രം എഴുതിയതാണ്. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരനല്ല. രാജ്യം ഒരു സ്വതന്ത്രജനാധിപത്യ രാഷ്ട്രമായിട്ടു നിലനില്‍ക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അര്‍ത്ഥത്തില്‍ അതിനെ മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്ന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം.

ഗാന്ധിജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ പൊള്ളയായ പ്രതിമ ഉണ്ടാക്കി അതില്‍ വെടിവച്ച് ഒരു സംഘമാളുകള്‍ ആഘോഷിച്ചു. അതിന് നേതൃത്വം നല്‍കിയ സ്ത്രീ ഇന്ന് എംപിയാണ്. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും ഇന്ന് എംപിയാണ്. ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ  തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണെന്നും അടൂർ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്നു; രാഹുൽ ഗാന്ധി

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ  ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ ഗാന്ധി എംപി അഭിപ്രായപ്പെട്ടു. നേതാവിനും പതിനഞ്ച് പേർക്കും മാത്രമുള്ളതല്ല ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോദിയുടേത്.കോൺഗ്രസ് മറുപക്ഷത്താണുള്ളത്. വൈവിധ്യമാണ് കോൺഗ്രസ് എല്ലാ കാലവും ഉയർത്തുന്ന നയം. രാജ്യത്തെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതിൽ നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി  ആവശ്യപ്പെട്ടു.

ആരും എതിരഭിപ്രായം പറയരുത് എന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമമെന്ന് ആയിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. അഭിപ്രായം പറയാൻ ജനാധിപത്യത്തിൽ എല്ലാവർക്കും അവകാശം ഉണ്ട് എന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. 

പ്രതികരിക്കേണ്ട സമയമെന്ന് വിഎസ്

 

അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന്  വി എസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. 

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും താന്‍ പറഞ്ഞപ്പോള്‍, അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് താനങ്ങനെ പറഞ്ഞതെന്നും വി എസ് അഭിപ്രായപ്പെട്ടു. രാമചന്ദ്രഗുഹ, മണിരത്നം, അപർണ സെൻ, അടൂര്‍ ഗോപാലകൃഷ്ണന്‍  തുടങ്ങി 49 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.  ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്ന കത്ത് എഴുതിയത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്‍റെ നിലപാട്. "അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല" എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്‍റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്‍റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും വി എസ് പറഞ്ഞു.

ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എ കെ ബാലൻ

 

വർഗീയ ശക്തികൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. 

ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ നടപടി പിൻവലിക്കണം. അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, അപർണ സെൻ, ശ്യാം ബെനഗൽ,  രേവതി, കൊങ്കണ സെൻ, സൗമിത്ര ചാറ്റർജി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സംഗീതജ്ഞ ശുഭ മുദ്ഗൽ തുടങ്ങി 48  പേരാണ് സംയുക്തമായി ജൂലൈ 23 നു പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സമാധാനപ്രിയരും അഭിമാനികളുമായ ഇന്ത്യക്കാരെന്ന നിലയിലാണ് തങ്ങൾ എഴുതുന്നതെന്ന് അവർ കത്തിൽ പറഞ്ഞിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും തല്ലിക്കൊല്ലുന്നത് അവസാനിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.  

വിമര്‍ശനമില്ലാത്ത ജനാധിപത്യം എന്ത് ജനാധിപത്യമെന്നാണ് അവർ ചോദിക്കുന്നത്. കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്നവരെ രാജ്യദ്രോഹികളായും അർബൻ നക്സലൈറ്റുകളായും ചിത്രീകരിക്കുന്നുവെന്ന കത്തിലെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അവർക്കെതിരെ  നടപടിയെടുത്തിരിക്കുന്നത്. ആരോ കൊടുത്ത പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് കേസെടുത്തതെന്നാണ് പറയുന്നത്. ജനങ്ങൾക്ക് സുരക്ഷ നൽകണമെന്ന്  ആവശ്യപ്പെടുന്നത്  എങ്ങനെയാണ് രാജ്യദ്രോഹ കുറ്റമാകുന്നത്? രാജ്യത്തെ പൗരന്മാരെ തല്ലിക്കൊല്ലരുതെന്ന്  ആവശ്യപ്പെട്ടാൽ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?

തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

നടപടി പിൻവലിക്കണമെന്ന് ചെന്നിത്തല

 

അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ   രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മോദി രാജ്യത്തെ  അപരിഷ്‌കൃതത്വത്തിലേക്ക് തള്ളിയിടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്ത് നടമാടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും,  വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍  ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത്തൊമ്പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ  തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ  നേതാവ്  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

വിമര്‍ശനവും, വിയോജിപ്പുമാണ്   ഒരു ബഹുസ്വര , ജനാധിപത്യ സമൂഹത്തിന്റെ ജീവനാഡികള്‍.  തന്നെ വിമര്‍ശിക്കണമെന്ന് പ്രതിപക്ഷത്തോടും രാഷ്ട്രീയ എതിരാളികളോടും  അങ്ങോട്ട്  ആവശ്യപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍  നെഹ്‌റുവിനെപ്പോലുള്ള  പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണിത്. വിയോജിക്കുന്നവരെ  അത്യന്തം ബഹുമാനിക്കുന്ന പാരമ്പര്യമാണ് ചരിത്രാതീത കാലം മുതല്‍ക്കെ ഇന്ത്യ പിന്തുടര്‍ന്ന് വന്നത്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം  ഈ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെ മുഴുവന്‍  തച്ച്  തകര്‍ക്കുന്ന സമീപനമാണ് കൈക്കൊളളുന്നത്.  നമ്മുടെ ഭരണഘടന ഇന്ത്യന്‍  പൗരന് നല്‍കിയിരിക്കുന്ന  അഭിപ്രായ   സ്വാതന്ത്രമടക്കമുള്ള എല്ലാ അവകാശങ്ങളെയും  ഇല്ലാതാക്കി,  എല്ലാ അര്‍ത്ഥത്തിലും ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ രാജ്യത്ത് സ്ഥാപിക്കാനാണ് മോദിയും ആര്‍ എസ് എസും ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണനെയും,ശ്യാം ബനഗലിനെയും, മണിരത്‌നത്തെയുമൊക്കെപോലുള്ള വ്യക്തിത്വങ്ങള്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് നല്‍കിയ സംഭാവനകള്‍  അതുല്യമാണ്.  അവര്‍ക്കെതിരെ  രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നുവച്ചാല്‍   നമ്മുടെ രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുക എന്നാണര്‍ത്ഥം.  ഇവര്‍ക്കെതിരെ  എടുത്ത  രാജ്യദ്രോഹ കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും  കേന്ദ്ര സര്‍ക്കാര്‍    രാജ്യത്തോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അടൂരിനെതിരയുള്ള കേസ് സാംസ്‌കാരിക ഫാസിസം: മുല്ലപ്പള്ളി

 

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുന്നുവെന്നും  ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്നേഹികളും ഭയപ്പെടുന്നു. കൊല്ലുന്നവര്‍ സുരക്ഷിതരും അതു ചൂണ്ടിക്കാട്ടുന്നവര്‍ ജയിലിലും എന്നതാണോ മോദി സര്‍ക്കാരിന്റെ നയം?  മാനഭംഗം ചെയ്യപ്പെട്ട ഇരകള്‍ക്കു ജയിലും, മാനഭംഗം നടത്തിയവര്‍ക്ക് വീരാളിപ്പട്ടും നല്കുന്നതാണോ മോദിയുടെ പുതിയ ഇന്ത്യ?   ഫാസിസം അതിന്റെ ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകനായ  നരേന്ദ്ര ധാബോല്‍ക്കര്‍, എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ ഫാസിസത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ മാസം ഗോവധം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഭിന്നശേഷിക്കാരനെയും മോഷ്ടാവെന്നു സംശയിച്ച് ഗുജറാത്തില്‍ യുവാവിനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ജയ്ശ്രീറാം വിളി അധികാരം പിടിച്ചെടുക്കാനുള്ള  രാഷ്ട്രീയ മുദ്രാവാക്യം പോലെയാണ് സംഘപരിവാരങ്ങള്‍  ഉപയോഗിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റത്തിനു പുറമേ മതവികാരം വ്രണപ്പെടുത്തല്‍, സമാധാനലംഘനം തുടങ്ങിയ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കുമേല്‍ ചാര്‍ത്തിയിരിക്കുകയാണ്. ഭീകരപ്രവര്‍ത്തകര്‍ എന്നതുപോലെയാണ് ഇവരെ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ജനാധിപത്യത്തിനും  ബഹുസ്വരതയ്ക്കും  മതേതരത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒട്ടും അഭിമാനകരമല്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ആശങ്കാജനകമെന്ന് എംഎ ബേബി

 

പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്  ആശങ്കാജനകമെന്ന്  സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും മേലുള്ള ആക്രമണമാണിത്. ഈ ഘട്ടത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. പുരോഗമന പ്രസ്ഥാനങ്ങൾ ഒന്നടങ്കം കലാകാരൻമാരെ പിന്തുണക്കുന്നതായും എം എ ബേബി ദില്ലിയിൽ  പറഞ്ഞു.

കത്തുകളയച്ച് പ്രതിഷേധിക്കാൻ യൂത്ത് ലീഗ്

 

യൂത്ത് ലീഗ് അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങളും നടപടിക്കെതിരെ രംഗത്തെത്തി. സാംസ്കാരിക പ്രവർത്തകർക്കു മേൽ രാജ്യദ്രോഹ കേസ് ചുമത്തിയതടക്കമുള്ള വിഷയങ്ങളെ നേരിടുന്നതിന് രാജ്യത്തെ മതേതര ശക്തികളുടെ യോജിച്ച വേദി വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇത്തരം വേദികളെ സ്വാഗതം ചെയ്യുന്നുവെന്നും യുത്ത് ലീഗ് അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെഎംസിസി വേദിയിൽ സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. സാംസ്കാരിക പ്രവർത്തകർക്കു മേലുള്ള കേസിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയക്കുമെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 23നാണ്  അന്‍പത് പ്രമുഖര്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ടകൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മുസ്ലീംങ്ങള്‍ക്കും, ദളിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അടിയന്തരമായി തടയണമെന്നാവശ്യപ്പെടുന്ന കത്തില്‍ ജയ്ശ്രീം വിളി കൊലവിളിയാകുന്ന  സഹചര്യം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കത്തെഴുതിയവരുടെ രാഷ്ട്രീയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത് ഉള്‍പ്പടെ 62 പേര്‍ പ്രധാനമന്ത്രിക്ക് മറുകത്തെഴുതി. ജയ്ശ്രീം വിളി അസഹ്യമായി തോന്നുന്നുവെങ്കില്‍ അടൂര്‍ഗോപാലകൃഷ്ണന്‍ ചന്ദ്രനിലേക്ക് പോകട്ടേയെന്നായിരുന്നു ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios