Asianet News MalayalamAsianet News Malayalam

ഡി.ബാബു പോള്‍: ജനകീയനായ ഐഎഎസുകാരന്‍, കേരളം കേട്ട പ്രഭാഷകന്‍

കിഫ്ബി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവർത്തിക്കുന്ന ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ബാബു പോള്‍ അടുത്തിടെ  രംഗത്തെത്തിയത് വാർത്തയായിരുന്നു

life sketch of d babu paul
Author
Thiruvananthapuram, First Published Apr 13, 2019, 9:25 AM IST

തിരുവനന്തപുരം: പ്രഗല്‍ഭനായ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും വളരെ പേരെടുത്ത ആളായിരുന്നു അന്തരിച്ച ഡി.ബാബു പോള്‍. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു ബാബു പോള്‍. സര്‍വ്വീസ് കാലയളവില്‍ ജനകീയനായ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് അദ്ദേഹം പേരെടുത്തു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. തിരുവനന്തപുരത്തെ സാഹിത്യ-സാസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 1971 സെപ്ററംബർ എട്ടുമുതൽ പ്രവർത്തിച്ചു.  ഇടുക്കി ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 75 ആഗസ്റ്റ് 19 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. ടൂറിസം, ഗതാഗതം ഉൾപ്പെടെ വിവിധ വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. 

പൗലോസ്, മേരി പോൾ എന്നിവരുടെ മകനായി 1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ  ജനനം. ഭാര്യ പരേതയായ അന്നാ ബാബു പോൾ. മറിയം, ചെറിയാൻ എന്നിവർ മക്കളാണ്. തിരുവനന്തപുരത്തായിരുന്നു താമസം. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിംങ്ങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം. ബി.എസ്സി. എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു. 

ഉത്തരസ്യാം ദിശി എന്ന ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ, സർവ്വീസ് ജീവിതത്തിലെ അനുഭവക്കുറിപ്പുകളായ കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 98 മുതൽ 2000 വരെ ചീഫ് സെക്രട്ടറി റാങ്കിലുള്ള കേരളത്തിന്റെ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നു. കേരള സർവ്വകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചു. 

അദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. മാധ്യമം പത്രത്തിൽ മധ്യരേഖ  എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തു. 19ാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച ഒരു യാത്രയുടെ ഓർമ്മകൾ ആയിരുന്നു അദ്യ കൃതി. അഞ്ചാമത്തെ വയസ്സിൽ പ്രസംഗം നടത്തി. 7000 ത്തിലധികം പ്രസംഗങ്ങളാണ് 72 വർഷത്തിനകം അദ്ദേഹം നടത്തിയത്. തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. റിയോ ഡി ജനറോയിൽ നടത്തിയ പ്രംസംഗം ഏറെ ശ്രദ്ധേയമായി. അഞ്ച് ഭാഷകളിൽ പ്രസംഗം അപ്പോൾതന്നെ പരിഭാഷപ്പെടുത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കിഫ്ബി ഭരണസമിതി അംഗം കൂടിയായ ഡോ. ബാബു പോള്‍ അടുത്തിടെ  രംഗത്തെത്തിയത് വാർത്തയായിരുന്നു. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് ബാബു പോള്‍ പറഞ്ഞു.എന്നാല്‍ താന്‍ ബിജെപിയിലേക്കില്ലെന്നും പ്രതിപക്ഷത്തിന് ഒരു നേതാവില്ലാത്ത സാഹചര്യത്തില്‍ മോദി അധികാരത്തില്‍ തിരികെ വരണമെന്ന അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബാബു പോള്‍ പിന്നീട് വിശദീകരിച്ചു.

കിഫ്ബി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവർത്തിക്കുന്ന ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയുടെ ശൈലിയെ പിന്തുണച്ച് ബാബു പോള്‍ പലവട്ടം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തില്‍ തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിശേഷണം. കുത്തഴിഞ്ഞ ഭരണ സംവിധാനത്തിന് പിണറായി മുഖ്യമന്ത്രിയായതോടെ അച്ചടക്കം വന്നെന്നും ബാബു പോള്‍ പറഞ്ഞിരുന്നു

Follow Us:
Download App:
  • android
  • ios