Asianet News MalayalamAsianet News Malayalam

കേരളത്തിലെ 20 അടക്കം 98 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

Lok Sabha election notification to 98 constituencies might come out kgn
Author
First Published Mar 28, 2024, 5:46 AM IST

തിരുവനന്തപുരം: കേരളം ഉൾപ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറിൽ ഇന്നും നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11ന് വരണാധികാരിക്ക് പത്രിക നൽകും. പത്തരയോടെ ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios