Asianet News MalayalamAsianet News Malayalam

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 വോട്ടിങ് യന്ത്രങ്ങള്‍

കഴിഞ്ഞവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി തിരഞ്ഞെടുത്ത് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

loksabha election 30,238 electronic voting machines are used in kerala
Author
First Published Apr 16, 2024, 6:43 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231  ബൂത്തുകളിലായി (ബൂത്തുകള്‍-25,177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്‍ട്രോള്‍ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡല്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന (എഫ്എല്‍സി) പൂര്‍ത്തിയാക്കി തിരഞ്ഞെടുത്ത് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എല്‍സി. എഫ്എല്‍സി പാസായ ഇവിഎമ്മുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എല്‍സി നടത്തുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ (ബെല്‍) അംഗീകൃത എഞ്ചിനീയര്‍മാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ്എല്‍സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. 

തുടര്‍ന്ന് അസംബ്ലി മണ്ഡലം തിരിച്ച് ഇവിഎം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 27നാണ് നടന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇവിഎം മാനേജ്മെന്റ് സിസ്റ്റം (ഇഎംഎസ്) വഴിയാണ് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയത്.    വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയല്‍ നമ്പറുകള്‍ ഇഎംഎസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് റാന്‍ഡമൈസേഷന്‍ നടത്തിയ ശേഷം ഇവയുടെ സീരിയല്‍ നമ്പര്‍ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറിയിരുന്നു. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് നടന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ തനത് ഐഡി നമ്പര്‍ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'36 മണിക്കൂര്‍ മദ്യനിരോധനം, ഉത്തരവില്‍ മാറ്റം': പുതിയ തീരുമാനം അറിയിച്ച് തൃശൂർ കലക്ടര്‍ 
 

Follow Us:
Download App:
  • android
  • ios