Asianet News MalayalamAsianet News Malayalam

ശ്രീകുമാർ മേനോനെതിരായ പരാതി; സിനിമാ സംഘടനകളെ സമീപിച്ച് മഞ്ജു വാര്യർ

താരസംഘടനയായ അമ്മയ്ക്കും മഞ്ജു വാര്യർ പരാതി നൽകിയേക്കും.  മഞ്ജുവിന്റെ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

manju warrior approached film organization on complaint against sreekumar menon
Author
Cochin International Airport (COK), First Published Oct 22, 2019, 10:46 AM IST

കൊച്ചി/തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നൽകി. സംഘടനയുടെ അറിവിലേക്ക് എന്ന് തരത്തിൽ ശ്രീകുമാർ മേനോനിൽ നിന്ന് നേരിട്ട ഭീഷണികൾ പറഞ്ഞു കൊണ്ടാണ് കത്ത്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു.

പൊലീസ് അന്വേഷണത്തിൽ ഇടപെടാതെ സംഭവം പരിശോധിക്കാനാണ് ഫെഫ്കയുടെ തീരുമാനം. ഫെഫ്ക ഭാരവാഹികളോട് ഫോണിൽ വിളിച്ചും  ശ്രീകുമാർ മേനോനിൽ നിന്ന് നേരിട്ട ബുദ്ധിമുട്ടുകൾ മഞ്ജു അറിയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയ്ക്കും മഞ്ചു വാര്യർ കത്ത് നൽകിയതായാണ് സൂചന. അതേ സമയം മഞ്ജുവിന്റെ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.

Read More: 'ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം': വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍, ഡിജിപിക്ക് പരാതി 

സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽ പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് ഞായറാഴ്ച ആണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തനിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയിൽ തന്നെ തകർക്കാൻ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയിൽ  പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 

ഇതിന് പിന്നാലെ സത്യങ്ങൾ അന്വേഷണസംഘത്തെ അറിയിക്കും എന്ന പ്രതികരണവുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തി. മാധ്യമങ്ങളിൽ നിന്നാണ് പരാതിയെ കുറിച്ച് അറിഞ്ഞതെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ പോസ്റ്റിൽ വ്യക്തമാക്കി.

Read More:'എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തും'; മഞ്ജുവിന് ശ്രീകുമാർ മേനോന്റെ മറുപടി

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്നതു മുതലുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ പ്രതികരണം.  പലപ്പോഴും ഉണ്ടായ ഭീഷണികളും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് മഞ്ജുവിന് താന്‍ പിന്തുണ നല്‍കിയിരുന്നുവെന്നും ഇപ്പോൾ മഞ്ജു വാര്യർ കാണിക്കുന്നത് നന്ദികേടാണ് എന്നും ഫേസ് ബുക്ക് പോസ്റ്റിൽ ശ്രീകുമാർ മോനോൻ കുറ്റപ്പെടുത്തിയിരുന്നു.

manju warrior approached film organization on complaint against sreekumar menon

 

കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....
നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?

നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)

സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ 😝😝😝 എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.

നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.

എന്നാലും മഞ്ജു.... കഷ്ട്ടം!!

അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!

കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?

നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ?

ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ഈ അവസരത്തിൽ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.

Follow Us:
Download App:
  • android
  • ios