Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വേട്ട വിവാദം: കൊന്നൊടുക്കുന്നത് തെറ്റുതന്നെ എന്ന് കാനം, പിണറായി എന്തു പറയും ?

മാവോയിസ്റ്റ് വേട്ടയും യുഎപിഎ അറസ്റ്റും 

പൊലീസിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് കാനം രാജേന്ദ്രൻ 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് 

പിണറായി വിജയന്‍റെ നിലപാട് നിര്‍ണ്ണായകം 

 

maoist attack kanam rajendran against police cpm secretariat today
Author
Trivandrum, First Published Nov 8, 2019, 9:58 AM IST

തിരുവനന്തപുരം: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിലും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിലും പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവയ്പ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐ അടക്കം കടുത്ത വിമര്‍ശനമാണ് പൊലീസിനും ആഭ്യന്തരവകുപ്പിനും എതിരെ ഉന്നയിക്കുന്നത്.

മാവോയിസ്റ്റുകളെ കൊന്നൊടുക്കിയല്ല പരിഹാരം കാണേണ്ടതെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നും ആവര്‍ത്തിച്ചു. മാവോയിസ്റ് വിഷയത്തിൽ  സിപിഐ സിപിഎം അഭിപ്രായ ഭിന്നത ഇല്ല . എന്നാൽ പോലീസ് നൽകുന്ന എല്ലാ തെളിവുകളും വിശ്വസിക്കാൻ ആവില്ലെന്നും കാനം രാജേന്ദ്രൻ കൊച്ചിൽ പറഞ്ഞു. കേന്ദ്രസർക്കാർ പ്രവര്‍ത്തിക്കുന്ന പോലെ അല്ല സംസ്ഥാന സർക്കാർ പ്രവർത്തിക്കേണ്ടത്. 

കാനം രാജേന്ദ്രന്‍റെ നിലപാട് കേൾക്കാം:

"

അതേസമയം മാവോയിസ്റ്റ് വെടിവയ്പ്പിലും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിലും നാൾക്കുനാൾ പ്രതിരോധത്തിലാകുകയാണ് സിപിഎം. മാവോയിസ്റ്റ് വെടിവയ്പ്പിന് പിന്നാലെ പന്തീരാങ്കാവിൽ രണ്ട് യുവാക്കൾ അതും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലാകുക കൂടി ചെയ്തതോടെ നിലപാട് വിശദീകരിക്കാൻ പോലും കഴിയാത്ത വിധം സിപിഎം പ്രതിരോധത്തിലായി. യുഎപിഎ കരിനിയമമാണെന്ന് ദേശീയതലത്തിൽ ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടി, അതിന്‍റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിൽ അതേ വകുപ്പ് ചുമത്തി യുവാക്കളെ അകത്തിട്ടതാണ് വിമര്‍ശനത്തിന് ബലമേകുന്നത്. 


മുന്നണി ഘടകകക്ഷികളും പ്രതിപക്ഷവും മാത്രമല്ല പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾ വരെ പൊലീസ് നിലപാട് തള്ളി പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. നടപടിയെ ആദ്യാവസാനം ന്യായീകരിക്കുന്ന നിലപാടാണ് പൊലീസും മുഖ്യമന്ത്രിയും ഇതുവരെ കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെടുക്കുന്ന നിലപാട് തന്നെയായിരിക്കും നിര്‍ണ്ണായകം. ഇതിനിടെ പൊലീസ് നടപടി ന്യായീകരിച്ച് ദേശീയ ദിനപത്രത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനം എഴുതുക കൂടി ചെയ്തതോടെ നിലപാട് പരസ്യമാക്കാൻ പാര്‍ട്ടിക്ക് മേലും സമ്മര്‍ദ്ദം ഏറുകയാണ്. 

Follow Us:
Download App:
  • android
  • ios