Asianet News MalayalamAsianet News Malayalam

മരടില്‍ ഫ്ലാറ്റ് നിർമാതാക്കൾക്ക് വീണ്ടും തിരിച്ചടി; നഷ്ടപരിഹാര നിർണയ സമിതിയുടെ ചെലവും വഹിക്കണം

സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ചെലവ് ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിയമലംഘനം നടത്തിയവരിൽ നിന്ന് കമ്മിറ്റി തുക ഈടാക്കും.

Maradu Flat builders should have to pay for justice balakrishnan nair commiitte s expenses
Author
Kochi, First Published Oct 16, 2019, 11:47 PM IST

കൊച്ചി: തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാതാക്കൾക്ക് വീണ്ടും തിരിച്ചടി. സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ചെലവ് ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിയമലംഘനം നടത്തിയവരിൽ നിന്ന് കമ്മിറ്റി തുക ഈടാക്കും. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവിൽ ആണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ പ്രവർത്തനത്തിന് പതിനാറ് സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിത നാല് നിർമ്മാതാക്കളുടെയും സ്വത്ത് കണ്ട്കെട്ടി ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടം ഈടാക്കി നൽകാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ട്കെട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങി. സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി റവന്യു- രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ഫ്ലാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. എട്ട് കോടിരൂപ ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയുടെ അക്കൗണ്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് പിറകെയാണ് ഭൂമി - മറ്റ് ആസ്തിവകകൾ അടക്കം കണ്ട്കെട്ടാനുള്ള നടപടികളും തുടങ്ങുന്നത്. 

Also Read: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും, ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി മരവിപ്പിച്ചു

ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റ് നിർമ്മാണ കമ്പനികളുടെ വിശദാംശംങ്ങൾ തേടി രജിസ്ട്രേഷൻ ഐജിയ്ക്കും -ലാന്റ്  റവന്യു കമ്മീഷണർക്കും ഇന്ന് കത്ത് നൽകും. ഫ്ലാറ്റ് നിർമ്മാണ കമ്പനികൾക്ക് രാജ്യത്തിന് പുറത്ത് ഏതൊക്കെ സ്ഥാപനങ്ങളിലാണ് നിക്ഷേപം ഉള്ളതെന്നറിയാൻ കമ്പനീസ് ഓഫ് രജിസ്ട്രാറെയും അന്വേഷണ സംഘം സമീപിക്കും. ഇതിന് ശേഷമായിരിക്കും തുടർനപടികൾ. ജയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയ്ക്ക് മാത്രമാണ് കേരളത്തിന് പുറത്ത് സ്വത്തുക്കൾ ഉള്ളതെന്നാണ് സൂചന. 

പരാതിക്കാരില്ലാത്തതിനാൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നില്ല. എന്നാൽ, ഈ കമ്പനിയെയും  ക്രൈംബ്രാ‌ഞ്ച് സ്വമേധയാ കേസ് എടുത്ത് അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിനകം 300ലേറെ അക്കൗണ്ടുകളുടെ വിശദാംശമാണ് ക്രൈംബ്രാ‌ഞ്ച് ശേഖരിച്ചിട്ടുള്ളത്. ഇതിനിടെ മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പരിസരവാസികളുടെ അശങ്കപരിഹരിക്കാനുള്ള രണ്ടാം ഘട്ട യോഗം ഇന്ന് നടന്നു. ആൽഫ വെഞ്ചേഴ്സ്, ജെയിൻ കോറൽകോവ് സമീപവാസികളുടെ യോഗമാണ് നടന്നത്.

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക്‌ നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം നാളെ വീണ്ടും ചേരും. ഫ്ലാറ്റുകൾ പൊളി പ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നേരത്തെ യോഗം ചേർന്ന സമിതി 14 പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട്‌ സർക്കാരിന് കൈമാറിയിരുന്നു. 241 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നാളെ ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ച് കൂടുതൽ പേർക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കും. 

Follow Us:
Download App:
  • android
  • ios