Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റുകൾ ഇന്ന് ഒഴിപ്പിച്ച് തുടങ്ങും ; റാന്തൽ കത്തിച്ച് പ്രതിഷേധിച്ച് ഫ്ലാറ്റുടമകൾ

മരടിലെ 50 ശതമാനം ഫ്ലാറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. ഈ ഫ്ലാറ്റുകളിൽ സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ ഉണ്ട്. വിദേശത്തടക്കമുള്ള ഫ്ലാറ്റ് ഉടമകൾ നാട്ടിലെത്തി വേണം  ഇവയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ.ഫ്ലാറ്റുടമ ബിയോജ് പറയുന്നു. 

maradu flats to be evacuated tomorrow , flat owners protest
Author
Kochi, First Published Sep 28, 2019, 10:28 PM IST

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുളള നീക്കം സംസ്ഥാന സർക്കാർ ശക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് ഫ്ലാറ്റ് ഉടമകൾ. കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ തുടർച്ചയായ മൂന്നാം ദിവസവും മരടിലെ ഫ്ലാറ്റുകളിൽ വൈദ്യുതി ഇല്ല. തങ്ങളെ ഇരുട്ടിൽ നിർത്തിയതിനെതിരായ പ്രതിഷേധമായി ഉടമകൾ റാന്തൽ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ തയ്യാറാണെന്നും എന്നാൽ തങ്ങളുടെ നിബന്ധനകൾ സർക്കാർ അംഗീകരിക്കണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെടുന്നു.

മാന്യമായ പുനരധിവാസം

സർക്കാർ മാന്യമായ പുനരധിവാസം ഉറപ്പിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഫ്ലാറ്റുടമകൾ മുന്നോട്ട് വക്കുന്നത്. നിലവിൽ ഏലൂർ മേഖലയിൽ പുനരധിവാസം അനുവദിക്കാമെന്ന് സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും താമസക്കാർ ഇതിന് തയ്യാറല്ല. ഫ്ലാറ്റുകളിലെ കുട്ടികൾ പലരും പഠിക്കുന്നത് മരടിന് സമീപമുള്ള സ്കൂളുകളിലാണ്. പ്രായമായവർ ചികിത്സ തേടുന്നതും മരടിന് സമീപത്തെ ആശുപത്രികളിലാണ്. അതിനാൽ മരടിന് തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ തന്നെ പുനരധിവാസം ഉറപ്പാക്കണമെന്നാണ് ആവശ്യം. 

നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാക്കണം

മരടിലെ ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ പുനരധിവാസത്തിനും മറ്റുമായി ഈ തുക അടിയന്തരമായി ലഭ്യമാക്കണം എന്ന് ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെടുന്നു. നാലാഴ്ചയ്ക്ക് അകം ഫ്ലാറ്റുടമകൾക്ക്  സംസ്ഥാന സർക്കാർ തുക കൊടുത്തുതീർക്കണമെന്നും അതിൽ പിഴവുണ്ടാകാൻ പാടില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഈ തുക ഫ്ലാറ്റുകൾ നിർമിച്ച നിർമാതാക്കളിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിരുന്നു.

ഫ്ലാറ്റുകൾ നിന്ന അതേ സ്ഥലത്ത് തന്നെ പുതിയ ഫ്ലാറ്റ് നിർമ്മിക്കാൻ അനുമതി

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചാൽ അതേ സ്ഥലത്ത് തന്നെ വീണ്ടും ഫ്ലാറ്റുകൾ നിർമിക്കാൻ കഴിയുമെന്നാണ് ഉടമകൾ ഉന്നയിക്കുന്ന വാദം. 1992 ലെ തീരദേശ മാപ്പിംഗ് പ്രകാരം സിആർഇസഡ് മൂന്നിൽ ഉണ്ടായിരുന്ന നഗരസഭ ഇപ്പോൾ സിആർഇസഡ് ടൂവിൽ ആണെന്ന വാദമാണ് ഇതിനായി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. അതായത് തീരത്ത് നിന്ന് 50 മീറ്റർ അകലം വേണമെന്ന നിബന്ധനക്ക് ഇളവുണ്ടെന്ന് ഉടമകൾ വാദിക്കുന്നു. എന്നാൽ പ്രതിരോധ വകുപ്പിന്റെ കെട്ടിടങ്ങൾ,  രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്ന് നിയമവിദഗ്ദരും പരിസ്ഥിതി പ്രവർത്തകരും വ്യക്തമാക്കുന്നു.

Read More : മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും; ഒഴിപ്പിക്കൽ നാളെ മുതൽ

ഫ്ലാറ്റുകൾ ഒഴിയാൻ സാവകാശം 

നിലവിൽ മരടിലെ 50 ശതമാനം ഫ്ലാറ്റുകളും പൂട്ടിയിട്ടിരിക്കുകയാണെന്ന് പറയുന്നു ബിയോജ് ചേന്നാട്ട് എന്ന ഫ്ലാറ്റുടമ. ഈ ഫ്ലാറ്റുകളിൽ സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ ഉണ്ട്.  വിദേശത്തടക്കമുള്ള ഫ്ലാറ്റ് ഉടമകൾക്ക് നാട്ടിലെത്തി വേണം  ഇവയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ .അതിനാൽ ഇവയെല്ലാം എടുത്തു കൊണ്ട് പോകാനുള്ള സാവകാശം തങ്ങൾക്ക് അനുവദിക്കണമെന്ന് ബിയോജ് പറയുന്നു. 

മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക

താമസക്കാർക്ക് നേരെ സർക്കാർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് നാളെ മുതൽ അനിശ്ചിതകാല നിരാഹര സമരം നടത്തും. മരടിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക, ഇരുട്ടിൻറെ മറവിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ ഉടൻ പുനസ്ഥാപിക്കുക,  കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുൻപ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക, സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, ഒഴിപ്പിക്കുതിനുമുൻപ്‌ ഫ്ലാറ്റുകളുടെ മൂല്യം നിർണയിക്കുക തുടങ്ങിയവയാണ് മരട് ഭവന സംരക്ഷണ സമിതി മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.

Read More : മരട് ഫ്ലാറ്റുകൾ ഉപാധികളോടെ ഒഴിയാം: അർഹമായ നഷ്ടപരിഹാരം വേണം: സർക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്

Follow Us:
Download App:
  • android
  • ios