Asianet News MalayalamAsianet News Malayalam

എംബിബിഎസ് മുന്നാക്ക സംവരണ ഉത്തരവ് വിവാദത്തിൽ, 10% സീറ്റ് കൂട്ടി, ന്യൂനപക്ഷ കോളേജുകളെ ഒഴിവാക്കി

സംസ്ഥാനസർക്കാരിന്‍റെ മുന്നാക്ക, സാമ്പത്തിക സംവരണ ഉത്തരവിൽ 10 ശതമാനം സീറ്റുകൾ കൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിൽ വിവാദം ഉയരുകയാണ്. 

mbbs economic reservation in kerala colleges controversy
Author
Thiruvananthapuram, First Published Jun 12, 2019, 10:00 AM IST

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാനസർക്കാരിന്‍റെ ഉത്തരവ് വിവാദത്തിൽ. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയരുന്നത്. 

എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്.

ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളേജുകൾ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്‍റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷ മാനേജ്മെന്‍റുകൾ. 

രണ്ട് കാര്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സ്വാശ്രയ കോളേജുകൾക്ക് സീറ്റുകൾ കൂട്ടാൻ അനുമതി നൽകിയിട്ടില്ല. ഇതോടൊപ്പം സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്. ഈ സീറ്റുകളിലെ ഇളവ് നൽകുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും മെഡിക്കൽ മാനേജ്‍മെന്‍റുകൾ ആവശ്യപ്പെടുന്നു. സ്വാശ്രയ കോളേജുകളിൽ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‍സിഡി പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്നത്. 

ഇന്നലെയായിരുന്നു അധിക സീറ്റുകൾക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലാണ് ഈ അവ്യക്തതകളുള്ളത്. 

Follow Us:
Download App:
  • android
  • ios