Asianet News MalayalamAsianet News Malayalam

കേരള സർവകലാശാലാ മൂല്യനിർണയത്തിലും മന്ത്രി ജലീലിന്‍റെ 'കൈ', ചട്ടം ലംഘിച്ച് ഇടപെട്ടു

മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്നും, നിഷ്പക്ഷമായ അന്വേഷണം സംഭവത്തിൽ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. 

minister kt jaleel intervened in academic calender and evaluation of answer papers in kerala university
Author
Thiruvananthapuram, First Published Oct 16, 2019, 12:15 PM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ മൂല്യനിർണയ കാര്യങ്ങളിലും ചട്ടം ലംഘിച്ച് മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി തെളിവ്. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം മൂല്യനിർണയത്തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ തീരുമാനിച്ചതായി കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‍സ് പുറത്തു വന്നു. ഇതിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്നാണ് വ്യക്തമാകുന്നത്. അക്കാദമിക് കലണ്ടറടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ബജറ്റുൾപ്പടെയുള്ള ഭരണകാര്യങ്ങളിൽ പ്രോ ചാൻസലർ എന്ന നിലയ്ക്ക് മന്ത്രിക്ക് ഇടപെടാമെങ്കിലും, അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് ചട്ടം തന്നെയുണ്ട്. ഇത് ലംഘിച്ചാണ് മന്ത്രിയുടെ ഓഫീസ്, മൂല്യനിർണയത്തിന്‍റെ തീയതികൾ മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. 

എന്തിനാണ് ഇത്തരമൊരു ചട്ടലംഘനം മന്ത്രിയുടെ ഓഫീസ് നടത്തിയതെന്ന് വ്യക്തമല്ല. പക്ഷേ, സർവകലാശാലയുടെ അധികാരപരിധി ലംഘിച്ചാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടിരിക്കുന്നതെന്ന് വ്യക്തം.

ഗവർണറെ കണ്ട് ചെന്നിത്തല

മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർവകലാശാലാ ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

മാർക്ക് ദാനവിവാദത്തിൽ തെളിവുണ്ടെങ്കിൽ ഗവർണറെ സമീപിക്കാൻ മന്ത്രി കെടി ജലീൽ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് ഗവർണറെ കാണാൻ രമേശ് ചെന്നിത്തല തീരുമാനിച്ചത്.

ഉന്നതവിദ്യാഭ്യാസമന്ത്രിയെ മാറ്റി നിർത്തി നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സാങ്കേതികസർവകലാശാലയിലേയും എം ജി സർവകലാശാലയിലേയും മാർക്ക് ദാനത്തിലൂടെ എഞ്ചിനീയറിംഗ് ഡിഗ്രി ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.എം ജി സർവകലാശാല വൈസ് ചാൻസല‌ർക്കെതിരെയും സിൻഡിക്കേറ്റിനെതിരെയും നടപടി വേണമെന്നും ഗവർണർക്ക് നൽകിയ കത്തിലുണ്ട്. 

'വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക്'

ബന്ധുനിയമനവിവാദത്തിൽ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ കത്ത് പണ്ട് ഗവർണർ പി സദാശിവം ചവറ്റുകൊട്ടയിലിട്ടത് പോലെ, ഇതും തള്ളിപ്പോകുമെന്നാണ് മന്ത്രി കെ ടി ജലീൽ പറയുന്നത്. അദാലത്തിൽ മാർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചിട്ടില്ല. ഉണ്ടെന്നാണ് ആരോപണമെങ്കിൽ അത് ചാൻസലർ കൂടിയായ ഗവർണ അന്വേഷിക്കട്ടെ എന്ന് ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios