Asianet News MalayalamAsianet News Malayalam

ഉന്നതവിദ്യാഭ്യാസ മന്ത്രി സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ത്തു: മുല്ലപ്പള്ളി

പഠിക്കാന്‍ മിടുക്കന്‍മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്‍ഹര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം ചെയ്തിരിക്കുന്നത്. അദാലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണെന്ന് മന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

Minister of Higher Education shatters the credibility of university exams says Mullappally Ramachandran
Author
Thiruvananthapuram, First Published Oct 16, 2019, 7:28 PM IST

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത അസാധരണ നടപടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

പഠിക്കാന്‍ മിടുക്കന്‍മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്‍ഹര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം ചെയ്തിരിക്കുന്നത്. അദാലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണെന്ന് മന്ത്രി വിശദീകരിക്കണം. നിയമവിരുദ്ധമായ നടപടികളെ മാനുഷിക പരിഗണന ചൂണ്ടിക്കാട്ടിയാണ് മന്ത്രി ന്യായീകരിക്കുന്നത്. മാര്‍ക്ക് ദാനം നല്‍കിയല്ല മന്ത്രി മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More:ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ മാറ്റങ്ങളിൽ വിറളി പിടിച്ചവരെന്ന് ജലീൽ; വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

മാര്‍ക്ക് ദാനം സംബന്ധിച്ച ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം ഉന്നയിച്ചപ്പോള്‍ അദാലത്തില്‍ അത്തരമൊരു തീരുമാനം എടുത്തില്ലെന്നായിരുന്നു മന്ത്രിയും സര്‍വകലാശാല വിസിയും വിശദീകരിച്ചത്. എന്നാല്‍ മന്ത്രി വിളിച്ചുചേര്‍ത്ത അദാലത്തില്‍ തന്നെയാണ് മാര്‍ക്ക് ദാനം സംബന്ധിക്കുന്ന തീരുമാനം എടുത്തതെന്ന് എം ജി സര്‍വകലാശാല സമ്മതിക്കുന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ മന്ത്രിയുടേയും വിസിയുടേയും കള്ളക്കളി പുറത്തായി.

ചുമതലയുള്ള വകുപ്പ് മന്ത്രിയാണെങ്കിലും സര്‍വകലാശാലയുടെ സ്വയംഭരണ അവകാശത്തിലും നീതിപൂര്‍വ്വമായ ഭരണ നിര്‍വ്വഹണത്തിലും കൈകടത്താന്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു അവകാശവുമില്ല. സര്‍വകലാശാലയുടേയും ഭരണഘടനനിര്‍മ്മിതമായ പിഎസ്‍സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെയും വിശ്വാസ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണമാക്കി. മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അദാലത്തുകളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നിലും വന്‍ക്രമക്കേടുണ്ട്. ഇത്തരത്തില്‍ മാര്‍ക്ക് കിട്ടിയ കുട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയാണെന്ന വസ്തുത മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലൂടെ തന്നെ മാര്‍ക്ക് ദാനത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്.

Read More:'ജലീല്‍ രാജിവയ്ക്കണം'; കെഎസ്‍യു മാര്‍ച്ച് സംഘര്‍ഷഭരിതം; ലാത്തിച്ചാര്‍ജ്, ജലപീരങ്കി പ്രയോഗിച്ചു

സര്‍വകലാശാല നിയമങ്ങള്‍ക്കും നഴ്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ബിഎസ്‍സി നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് മാര്‍ക്ക് വീതം ദാനം ചെയ്യാനുള്ള തീരുമാനവും പുനഃപരിശോധിക്കേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം, മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. പ്രതിഷേധത്തിനിടെ സമരക്കാർ ഗേറ്റ് കടന്ന് മുന്നേറാൻ ഉള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ആണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് രണ്ടിലേറെ തവണ വിദ്യാർത്ഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്.

സമാധാനപരമായി മാർച്ച് നടത്തുന്നവർക്കെതിരെ പൊലീസ് അക്രമം കാട്ടിയെന്നാരോപിച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നിൽ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിക്കുകയും ചെയ്തു. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിഎസ്‍സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‍യു പ്രതിഷേധ മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലും മന്ത്രി കെ ടി ജലീലിനെതിരെ കെഎസ് യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios