Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധിക്കെതിരായ പിവി അൻവറിന്റെ അധിക്ഷേപം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് എംഎം ഹസൻ

മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും എം.എം ഹസൻ

MM Hassan says congress files complaint against PV anvar on his derogatory remarks against Rahul Gandhi
Author
First Published Apr 23, 2024, 11:25 AM IST

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണെന്ന് എം.എം ഹസൻ ആരോപിച്ചു. "ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്.  മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും" എം.എം ഹസൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് പി.വി അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്. ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്.

എന്നാൽ പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നതെന്നും പിണറായി വിജയൻ പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios