Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകര ആത്മഹത്യ: വൈഷ്ണവി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പിതാവ് ചന്ദ്രൻ

വായ്‍പ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Neyyatinkara suicide, close relative again against bank authorities
Author
Neyyattinkara, First Published May 15, 2019, 8:07 AM IST

തിരുവനന്തപുരം: കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ വീണ്ടും ആരോപണവുമായി ഗൃഹനാഥൻ. തന്‍റെ മകൾ വൈഷ്ണവി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രൻ പറ‌‌ഞ്ഞു. വായ്പ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണിൽ ഇതിന്‍റെ തെളിവുണ്ടെന്നും ചന്ദ്രൻ വെളിപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്. 

കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. എന്നാൽ വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയൽവാസിയുടെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തിൽ വകുപ്പുകള്‍ മാറ്റുമെന്നാണ് പൊലീസ് പറയുന്നത്. 

ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടി വൈകിയാൽ ഇന്നും നെയ്യാറ്റിൻകരയിൽ പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

Follow Us:
Download App:
  • android
  • ios