Asianet News MalayalamAsianet News Malayalam

നിപ: ജാഗ്രതയോടെ കേരളം: 5 പേർ ഐസൊലേഷനിൽ, രോഗിയുടെ നില മെച്ചപ്പെട്ടു, ഉറവിടം കണ്ടെത്താൻ പരിശോധന

ഇന്ന് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെയും സാംപിളുകൾ അയക്കും. ഐസൊലേഷൻ വാർഡിലുള്ള ആരുടെയും നില ഗുരുതരമല്ല. 

nipah precautionary measures in full swing will send five samples to pune lab today
Author
Ernakulam, First Published Jun 5, 2019, 12:06 AM IST

കൊച്ചി: എറണാകുളത്ത് നിപ സാന്നിധ്യം സ്ഥിരീകരിച്ച 23-കാരനുമായി അടുത്തിടപഴകിയ അഞ്ച് പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി. ആരുടെയും നില ഗുരുതരമല്ലെന്നും ഇവരുടെ സാംപിളുകൾ ഇന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയെന്നും കേന്ദ്ര ആരോഗ്യസംഘത്തിന്‍റെ നേതൃത്വത്തിലാകും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായി തൃശ്ശൂരിലും തൊടുപുഴയിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതേ പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. 311 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരോട് ഹോം ക്വാറന്‍റൈൻ ആയി തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ നിരീക്ഷണം തുടരുന്ന പ്രക്രിയയാണ് ഹോം ക്വാറന്‍റൈൻ.

നിപയുടെ രണ്ടാം വരവ്.... 

കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെയാണ് നിപ സാന്നിധ്യം സംബന്ധിച്ച സംശയം ഉയരുന്നത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപയ്ക്ക് സമാനമായ വൈറസ് രോഗിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തി. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ നിപ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. 

ഔദ്യോഗികമായ സ്ഥിരീകരണത്തിനായി സാംപിളുകള്‍ പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ട് ഇന്നലെ രാത്രിയോടെയാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ അതിനോടകം തന്നെ വിപുലമായ രീതിയില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 

23-കാരനുമായി അടുത്ത് ഇടപഴകിയവരുടെ കോണ്‍ടാക്ട് ലിസ്റ്റ് കണ്ടെത്തുക എന്നതായിരുന്നു ആദ്യനടപടി. കഴിഞ്ഞ മൂന്ന് ആഴ്ചയായി ചെറുപ്പക്കാരന്‍ സഞ്ചരിച്ച സ്ഥലങ്ങള്‍, അടുത്ത് ഇടപെട്ട ആളുകള്‍ എന്നിവരെക്കുറിച്ച് അന്വേഷിച്ച് 86  പേരുടെ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കി. ഇവരെ എല്ലാവരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെട്ടു.

ഇവര്‍ എല്ലാവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇവരോടെല്ലാം വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിച്ചു. വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്രയും ദിവസം മറ്റുള്ളവരുമായി അടുത്ത് ഇടപെടാതിരിക്കുക എന്ന നിര്‍ദേശമാണ് ഇവര്‍ക്ക് നല്‍കിയത്. ഹോം ക്വാറന്‍റൈൻ എന്നാണ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. ആശുപത്രിയില്‍ മകനെ പരിചരിച്ച രോഗിയുടെ അമ്മ, സഹോദരി, മാതൃസഹോദരി എന്നിവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ് ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ നിര്‍ത്തിയാണ് നിരീക്ഷിക്കുന്നത്. 

nipah precautionary measures in full swing will send five samples to pune lab today

ട്രേസിംഗ് - കോണ്‍ടാക്ട് ലിസ്റ്റ് 

നിപ ബാധ സ്ഥിരീകരിക്കുന്ന പക്ഷം രോഗിയുമായി ഇടപെട്ടവരെ കണ്ടെത്തുക എന്നത് പ്രധാനമാണ്. ട്രേസിംഗ് എന്നാണ് ഈ പ്രക്രിയയുടെ പേര്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ട്രേസിംഗില്‍ വൈറസ് ബാധിച്ച യുവാവിന്‍റെ കഴിഞ്ഞ ആഴ്ചകളിലെ സഞ്ചാരപഥം ഇപ്രകാരമാണ്. 

തൊടുപുഴയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സെമസ്റ്റര്‍ എക്സാം കഴിഞ്ഞ് കോളേജ് അടച്ച ശേഷം നാട്ടില്‍ തിരിച്ചെത്തി. പിന്നീട് തൃശ്ശൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടിക്ക് എത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് പനി തുടങ്ങിയിരുന്നു. 

പനി ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ കാണിച്ചെങ്കിലും പനി വിട്ടില്ല. തുടര്‍ന്ന് പരിശീലന പരിപാടി അവസാനിപ്പിച്ച് ഇയാള്‍ സ്വദേശമായ പറവൂരിലേക്ക് മടങ്ങി. പിന്നീട് അമ്മയ്ക്കൊപ്പം പ്രദേശത്തെ ഒരു ആരോഗ്യകേന്ദ്രത്തിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പനിക്ക് ചികിത്സ തേടി. 

എന്നിട്ടും പനി കുറയാതെ വന്നതോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യം ജനറല്‍ വാര്‍ഡിലാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. പനി കുറയാതെ വന്നതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് പനിയല്ല, മസ്തിഷ്ക ജ്വരമാണ് കണ്ടെത്തുന്നത്. നിപ ബാധിച്ചവരുടെ രോഗലക്ഷണങ്ങള്‍ മസ്തിഷ്ക ജ്വരത്തിന് സമാനമാണെന്ന കാര്യം കൂടി പരിഗണിച്ചപ്പോള്‍ ആണ് നിപയുടെ സാധ്യത ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. 

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈ വിവരം എറണാകുളം ഡിഎംഒയെ അറിയിച്ചു. തുടര്‍ന്ന് പരിശോധനയ്ക്ക് വേണ്ട സാംപിളുകള്‍ ശേഖരിച്ച് ആലപ്പുഴയിലേക്ക് അയച്ചു. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനഫലം പോസീറ്റീവ് ആയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 

വിദ്യാര്‍ത്ഥി പഠിച്ച തൊടുപുഴയിലെ കോളേജും പരിസരവും വാടകയ്ക്ക് താമസിച്ച വീടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇയാള്‍ക്കൊപ്പം താമസിച്ചവര്‍ക്കും ഈ വീടിന് ചുറ്റുവട്ടത്തുള്ളവര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. വിദ്യാർത്ഥി അവസാനം തൊടുപുഴയിൽ താമസിച്ചത് മെയ് 16-നാണെന്നും ഒന്നരമാസമായി ഈ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരതാമസമല്ലെന്നും പരീക്ഷാ സമയത്ത് മാത്രമാണ് അധികൃതര്‍ പറയുന്നു. 

രോഗിയുടെ നാടായ വടക്കൻ പരവൂരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധന തുടങ്ങി. രോഗിയുടെ സ്വദേശമായ വടക്കേക്കര പഞ്ചായത്തിലെയും പറവൂർ ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവൻ ജനപ്രതിനിധികളുമായി യോഗം ചേർന്ന ശേഷമാണ് ആരോഗ്യപ്രവർത്തകർ പരിശോധന നടപടികളിലേക്ക് കടന്നത്. മുൻകരുതലുകൾ ചർച്ച ചെയ്ത ശേഷം  വിവിധ ബ്ലോക്കുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഈ മേഖലകളിൽ സമീപദിവസങ്ങളിൽ വവ്വാലുകൾ കൂട്ടമായി ചത്തിട്ടുണ്ടോ, പന്നി ഫാമുകളുണ്ടോ, അവയ്ക്ക്  അസുഖം ഉണ്ടോ, വീടുകളിലുള്ളവ‍ർക്ക് പനി, ഛർദ്ദി, ശക്തമായ തലവേദന എന്നിവയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്.  രോഗിയുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിച്ച് അവരുടെ സാംപിള്‍ ശേഖരിക്കാനും നടപടി എടുക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി പറവൂർ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങാനും തിരുമാനമായി.

അതേ സമയം രോഗിയുടെ ഇടുക്കിയിലുള്ള സഹപാഠികൾക്കൊന്നും രോഗലക്ഷണം കണ്ടെത്താനായില്ല. ഒരു ദിവസം മാത്രം വിദ്യാർത്ഥി ഇടുക്കിയിൽ ആയിരുന്നതിനാൽ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലയിൽ ആരും നിരീക്ഷണത്തിലില്ലെങ്കിലും ഇടുക്കിയിലും തൊടുപുഴയിലുമായി ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്

നിപാ രോഗിയുടെ സഹപാഠികളായ മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തിൽ ആണ്. വിദ്യാർത്ഥിക്കൊപ്പം തൃശ്ശൂരിലെ പരിശീലന പരിപാടിയിലും പങ്കെടുത്തവരാണ് ഇവര്‍. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് ക്രമീകരിക്കും

യുവാവ് തൊഴിൽ പരിശീലനം തേടിയ തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ ആണ്. ഇവരില്‍ മൂന്ന് പേര്‍ക്ക് പനിയുണ്ട്. ഭയന്നുണ്ടായ പനിയാണോ എന്നും അധികൃതര്‍ സംശയിക്കുന്നു. വിദ്യാര്‍ത്ഥി പരിശീലനം നേടിയ

രോഗിയുടെ അവസ്ഥ....

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഐസിയുവിലെ ഐസലേഷന്‍ വാര്‍ഡിലാണ് യുവാവ് ഉള്ളത്. കടുത്ത പനിയും തലവേദനയുമായാണ് യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ എത്തിയത്. പിന്നീട് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.

നിലവില്‍ യുവാവിന് തലവേദനയും പനിയും ഉണ്ടെങ്കിലും ഗുരുതരാവസ്ഥയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വിശദീകരിച്ചു.  നില്‍ക്കുമ്പോള്‍ ബാലന്‍സ് കിട്ടാത്തതിനാല്‍ നേരെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. എങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അ‍ഞ്ച് ദിവസം മുന്‍പാണ് യുവാവ് ചികിത്സ തേടി ഇവിടെയെത്തിയത്. 

പ്രതിരോധം - സമഗ്രം, ആസൂത്രിതം, ശാസ്ത്രീയം

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ ബാധയെ നേരിട്ട അതേ മാതൃകയില്‍, വ്യക്തമായ പ്രോട്ടോകോളോട് കൂടിയാണ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. നിപ ബാധിതര്‍ക്ക് നല്‍കാനായി എതാണ്ട് 4000 ത്തോളം ഗുളികകള്‍ കേരളത്തില്‍ സ്റ്റോക്കുണ്ട്. ആസ്ട്രേലിയയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിച്ച മരുന്നും സ്റ്റോക്കുണ്ട്. നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഈ മരുന്നും രോഗിക്ക് നല്‍കിയേക്കും. ആലപ്പുഴ ലാബില്‍ നിന്നുള്ള ഫലം വന്നതിനെ പിന്നാലെ കോഴിക്കോട് നിന്നും അഞ്ചംഗ വിദഗ്ദ് സംഘത്തെ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്.

രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ ഇനി മാധ്യമ പ്രവർത്തകർ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. പ്രത്യേകം പരിശീലനം ലഭിച്ചവർ മാത്രമേ ഇനി രോഗം റിപ്പോർട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.

എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവരിൽ ആരെങ്കിലും മാധ്യമപ്രവർത്തകരെ കാണും. അഞ്ച് മണിക്ക് മാധ്യമങ്ങൾക്ക് മെഡിക്കൽ ബുള്ളറ്റിൻ ലഭ്യമാക്കും. ഔദ്യോഗിക വാർത്താ സമ്മേളനത്തിലും മെഡിക്കൽ ബുള്ളറ്റിനിലുമുള്ള വാർത്തകളാണ് മാധ്യമങ്ങൾ നൽകേണ്ടത്. മാധ്യമപ്രവർത്തകരിൽ നിന്നും ആരോഗ്യവകുപ്പ് ഒരു വാർത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്സ്ക്ലൂസീവ് ന്യൂസുകൾക്കായി മാധ്യമങ്ങൾ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 

നിപ ബാധ സംശയിക്കപ്പെട്ടപ്പോള്‍ മുതല്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ നല്ല രീതിയില്‍ വാര്‍ത്ത കൈകാര്യം ചെയ്തുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ന് പത്രങ്ങള്‍ പരിശോധിച്ചതില്‍ കൃത്യമായ അവബോധമുണ്ടാക്കുന്ന രീതിയിലാണ് അവരുടെ റിപ്പോര്‍ട്ടിംഗ് എന്ന് ബോധ്യപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ചാനലൊഴികെ മറ്റു മാധ്യമങ്ങളെല്ലാം മാധ്യമധർമ്മം കൃത്യമായി നിറവേറ്റി. അവർക്ക്‌ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. 

രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗിയിൽ നിന്ന് മാത്രമേ രോഗം പകരൂ. രോഗം വന്നവരുമായി അടുത്ത് പെരുമാറിയവരെ നിരീക്ഷണത്തിൽ വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അവരെ കണ്ടാലുടൻ നിപ്പ വരുമെന്ന തരത്തിലുള്ള ധാരണ പരക്കുന്നത് തടയണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് സാമൂഹ്യബഹിഷ്കരണ സാഹചര്യം ഉണ്ടാകുന്നത് തടയണം. രോഗം തടയാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി കൂട്ടായ്മകൾ വിളിച്ചുചേർക്കാൻ ആകാത്ത സാഹചര്യമാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലീഫ് ലെറ്റുകൾ വിതരണം ചെയ്യുന്നതും ഗൃഹസന്ദർശനം നടത്തുന്നതും അടക്കമുള്ള ബോധവൽക്കരണ പ്രവർത്തനങൾ നടത്തുന്നുണ്ട്.

മാധ്യമങ്ങൾ നിപയെക്കുറിച്ചും നിപ പ്രതിരോധത്തെക്കുറിച്ചുമുള്ള അവബോധപ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ നടത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രധാനപ്പെട്ട വാർത്തകൾക്കിടയിൽ ആരോഗ്യവകുപ്പിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾത്തന്നെ നൽകുന്നുണ്ട്. അത്തരം പരിശ്രമങ്ങൾ തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ന് ചുമതലേയേറ്റ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാവിലെ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുമായി ഫോണില്‍ സംസാരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ടീച്ചര്‍ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ച കേന്ദ്രആരോഗ്യമന്ത്രി നിപയെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്തു. നിപവൈറസിനെതിരെ കണ്ടു പിടിച്ച വിദേശ നിര്‍മ്മിത മരുന്ന് എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ടീച്ചര്‍ക്ക് ഉറപ്പ് നല്‍കി. 

2018-ല്‍ കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തഘട്ടത്തില്‍ റിബാവറിന്‍ എന്ന മരുന്നാണ് പ്രധാനമായും രോഗികള്‍ക്ക് നല്‍കിയത്. ഈ മരുന്ന് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതു കൂടാതെ ആസ്ട്രേലിയന്‍ നിര്‍മ്മിത മരുന്നും കേരളത്തിലുണ്ട്. നിപ വൈറസിനെതിരെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച പ്രത്യേക തരം ആന്‍റിബോഡി പൂണെയില്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടു പിടിച്ച ഈ മരുന്ന് ഇന്ത്യയില്‍ ഇതു വരെ മനുഷ്യരില്‍ ഉപയോഗിച്ചിട്ടില്ല. 

ഓസ്ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന മരുന്നുകള്‍ നിപ വൈറസ് സ്ഥിരീകരിച്ച ആളില്‍ നല്‍കണമെങ്കില്‍ നിയമപരമായി ചില ചട്ടങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മരുന്ന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഷൈലജ ടീച്ചറെ അറിയിച്ചിട്ടുണ്ട്. 

ഇതോടൊപ്പം രോഗിയുടെ കുടുംബാംഗങ്ങള്‍ മരുന്ന് ഉപയോഗിക്കുന്നതിന് രേഖാമൂലം അനുമതി നല്‍കുകയും വേണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കും പ്രകാരം മരുന്നുകള്‍ രോഗിക്ക് നല്‍കും. 

കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ അറിയിച്ചിട്ടുണ്ട്.  നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തിൽ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. നമ്പർ : 011-23978046.  

2018-ല്‍ കേരളത്തില്‍ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു രോഗത്തെക്കുറിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പോലും വലിയ ധാരണയില്ലായിരുന്നു. എന്നാല്‍ നിപയുടെ രണ്ടാം വരവില്‍ മരണരോഗത്തെ നേരിടാന്‍ പൂര്‍ണസജ്ജമാണ് സംസ്ഥാനം. കഴി‍ഞ്ഞ തവണ നിപ ബാധയുടെ അവസാനഘട്ടത്തില്‍ രോഗം വന്ന രണ്ട് പേരെ മരണത്തില്‍ നിന്നും മടക്കി കൊണ്ടു വരാന്‍ സാധിച്ചതും നിപയുമായുള്ള രണ്ടാം പോരാട്ടത്തിനറങ്ങുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകുന്നു. 

Follow Us:
Download App:
  • android
  • ios