Asianet News MalayalamAsianet News Malayalam

സിസ്റ്റർ ലൂസിക്ക് നീതി ഇല്ല; അപകീർത്തി കേസിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു

പ്രതിക്ക് നീതി ലഭിച്ചെങ്കിലും അപവാദ പ്രചാരണങ്ങൾക്ക് ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് സിസ്റ്റർ ലൂസി. പോലീസ് കേസന്വേഷണം മനപൂർവം വൈകിപ്പിച്ചു... കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് നാടകം കളിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര.

no justice for sister lucy: police  closed probe into  defamation case
Author
Wayanad, First Published Oct 1, 2019, 5:50 PM IST

സിസ്റ്റർ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസില്‍ ഒന്നരമാസം പിന്നിടും മുൻപേ അന്വേഷണം നിലച്ചു. പോലീസ് അന്വേഷണത്തിന് എതിരെ പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന് അന്വേഷണം കോടതി തടഞ്ഞെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കാതെ ഇനി അന്വേഷണം മുന്നോട്ട് പോകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കേസ് ഫയൽ അന്വേഷണസംഘം കോടതിക്ക് കൈമാറി. 

കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് നാടകം കളിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. പ്രതിക്ക് നീതി ലഭിച്ചെങ്കിലും അപവാദ പ്രചാരണങ്ങൾക്ക് ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. പോലീസ് കേസന്വേഷണം മനപൂർവം വൈകിപ്പിച്ചു...നിയമത്തിലും കോടതിയിലും ആണ് ഇനി പ്രതീക്ഷ...നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. 

കഴിഞ്ഞ ആഗസ്റ്റ് 19നാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാണാന്‍ മഠത്തില്‍ മാധ്യമപ്രവർത്തകരെത്തിയ സിസിടിവി ദൃശ്യങ്ങള്‍ മാനന്തവാടി രൂപതാ വക്താവും വൈദികനുമായ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ സിസ്റ്ററെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.വാർത്താശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

ഇതിനെതിരെ പിറ്റേന്നുതന്നെ സിസ്റ്റർ ലൂസി കളപ്പുര ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഫാ.നോബിളിനെയും ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ മറ്റ് സിസ്റ്റർമാർക്കെതിരെയും പോലീസ് അന്നുതന്നെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയത്. പക്ഷേ ഇത് വരെയും ഒന്നാം പ്രതിയായ ഫാ.നോബിളിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് കേസന്വേഷണവും നിലച്ചത്.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ  അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മാനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളും രംഗത്തെത്തിയിരുന്നു. കാത്തലിക് ലെമെൻ അസോസിയേഷൻ ഭരവാഹികളാണ് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകിയത്. 

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെതുടർന്ന് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭ  പുറത്താക്കിയിരുന്നു. ഇതിനെതിരെ സിസ്റ്റർ നൽകിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസഭയുടെ പരിഗണനയിലാണ്.
 

Follow Us:
Download App:
  • android
  • ios